പാരീസ് : ലോകത്തിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളുടെയും കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും സഹായങ്ങളുടെയും ഫലമായി പാരീസിലെ നോത്രെ ദാം കത്തീഡ്രൽ വീണ്ടും തുറന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കത്തീഡ്രൽ വീണ്ടും തുറക്കുന്നത്. ഇത് സാധ്യമാക്കിയതിന് ആഗോളതലത്തിലുള്ള എല്ലാ ജനതയോടും നന്ദി പറയുന്നതായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ ചടങ്ങിൽ വ്യക്തമാക്കി.
നിരവധി ലോക നേതാക്കൾ ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പാരീസ് ആർച്ച് ബിഷപ്പ് ലോറൻ്റ് ഉൾറിച്ച് ആണ് കത്തീഡ്രലിന്റെ വാതിലുകൾ ആചാരപരമായി തുറന്നത്. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.
വിശുദ്ധ കന്യാ മറിയത്തിന്റെ പേരിലുള്ള നോത്രെ ദാം കത്തീഡ്രൽ യേശുക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ തിരുശേഷിപ്പുകൾ അടക്കമുള്ളവ സൂക്ഷിച്ചിരുന്ന ദേവാലയം ആണ്. കുരിശു മരണ സമയത്ത് ക്രിസ്തുവിനെ ധരിപ്പിച്ചിരുന്ന മുൾക്കിരീടം ഉൾപ്പെടെയുള്ളവ ഈ ദേവാലയത്തിൽ പ്രദർശിപ്പിച്ചിരുന്നതിനാൽ വർഷംതോറും ദശലക്ഷക്കണക്കിന് ആളുകളായിരുന്നു ഈ ദേവാലയം സന്ദർശിച്ചിരുന്നത്. എന്നാൽ 2019ൽ ഉണ്ടായ ഒരു തീപിടുത്തത്തിൽ ഈ ദേവാലയം ഏതാണ്ട് പൂർണമായും കത്തിനശിക്കുകയായിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുവിദ്യ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരുന്നതായിരുന്നു നോത്രെ ദാം കത്തീഡ്രൽ. കേവലം അഞ്ചു വർഷം കൊണ്ട് പൂർവാധികം പ്രൗഢിയോടെ ഈ കത്തീഡ്രൽ പുനർനിർമ്മിച്ചതിനാൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു പാരീസിൽ നടന്നത്. ദേവാലയത്തിന്റെ നവീകരണത്തിനും പുനർ നിർമാണത്തിനും ആയി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങൾ ലഭിച്ചിരുന്നു. 750 മില്യൺ ഡോളറിലേറെയാണ് ദേവാലയത്തിന്റെ പുനർനിർമാണത്തിന് ചെലവായിരിക്കുന്നത്. ലോക ജനതയുടെ സഹായസഹകരണങ്ങളാലാണ് ദേവാലയം വീണ്ടും തുറക്കാൻ സാധിച്ചത് എന്നതിനാൽ നന്ദി സൂചകമായി ‘മെഴ്‌സി’ എന്ന വാക്ക് ദേവാലയത്തിന്റെ മുൻപിലായി പ്രദർശിപ്പിച്ചിട്ടുണ്ട്.
Discussion about this post