ന്യൂഡൽഹി : ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയും ലിബറൽ രാഷ്ട്രീയക്കാരനുമായ ജോർജ് സോറോസിൽ നിന്നും സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട സംഘടന ധനസഹായം സ്വീകരിച്ചതായി നിഷികാന്ത് ദുബെ. സോണിയ ഗാന്ധി കോ-പ്രസിഡൻ്റ് ആയിട്ടുള്ള ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (എഫ്‌ഡിഎൽ-എപി) ഫൗണ്ടേഷൻ ജോർജ് സോറോസ് ഫൗണ്ടേഷനുമായി ശക്തമായ ബന്ധം പുലർത്തുന്നതായുള്ള തെളിവുകൾ ഉണ്ടെന്നാണ് ദുബെയുടെ വെളിപ്പെടുത്തൽ.
കശ്മീരിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കണം എന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ജോർജ്ജ് സോറോസ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ വ്യക്തികളുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് കാണിക്കുന്നതാണ് സോണിയ ഗാന്ധിയുമായുള്ള ജോർജ് ബന്ധം എന്നും ബിജെപി എംപി നിഷികാന്ത് ദുബെ അറിയിച്ചു. ഈ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് 10 ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാദ്ധ്യമ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടും (ഒസിആർപി) ജോർജ് സോറോസും ചേർന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനും പ്രതിപക്ഷവുമായി ഒത്തു കളിക്കുകയാണെന്നും നിഷികാന്ത് ദുബെ വെളിപ്പെടുത്തി.
ജോർജ് സോറോസുമായി ബന്ധപ്പെട്ടിട്ടുള്ള ഒസിസിആർപിയാണ് അദാനിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്തത്. അത് അവരുടെ ശക്തവും അപകടകരവുമായ ബന്ധം വിളിച്ചോതുന്നതാണെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.
Discussion about this post