ന്യൂഡൽഹി : രാജ്യത്തെ ഒരു ലക്ഷത്തോളം സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാ സഖി യോജനയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താം ക്ലാസ് പാസായ തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് എൽഐസി ഏജൻ്റുമാരായി പരിശീലനം നൽകുന്ന പദ്ധതിയാണിത്.
ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് എൽഐസി ബീമ സഖി യോജനക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. 18 മുതൽ 70 വരെ പ്രായമുള്ള സ്ത്രീകൾക്ക് എൽഐസി ഏജൻ്റുമാരാകാനുള്ള അവസരമാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി ഏറെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്.
ലിംഗസമത്വത്തിനും വിവിധ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി. മുൻകാലങ്ങളിൽ സ്ത്രീകൾക്ക് വിലക്കപ്പെട്ട നിരവധി ജോലികൾ ഉണ്ടായിരുന്നു. നമ്മുടെ പെൺമക്കളുടെ വഴികളിൽ നിന്ന് എല്ലാ തടസ്സങ്ങളും നീക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അവർക്ക് എല്ലാ മേഖലയിലും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post