തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭരണം പിടിക്കാനുള്ള ലക്ഷ്യവുമായി ബി ജെ പി പ്രവർത്തന പദ്ധതിയിൽ സമൂലമായ പരിവർത്തനത്തിനൊരുങ്ങുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കും. കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളുമുണ്ടാകും.
സംസ്ഥാനത്തിന്റെ ചുമതലുള്ള പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി എംപി എന്നിവർ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുക എന്ന ഉദ്ദേശത്തോടെ ഗ്രൗണ്ട് തലത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ വിഭജിച്ച് ഒരു ജില്ലയാക്കും . അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകൾക്ക് മൂന്ന് ജില്ലാ കമ്മിറ്റികള്‍ വീതം ഉണ്ടാകും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പടി പടിയായി കേരളത്തിൽ ബി ജെ പി സ്വാധീനം വർദ്ധിപ്പിച്ചു വരുകയാണ്. 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണി പല മേഖലകളിലും വലിയ മുന്നേറ്റം കാഴ്ച വച്ചിരുന്നു. ഇതേ തുടർന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കാനാകുമെന്നാണ് ബി ജെ പി യുടെ ശ്രമം.
Discussion about this post