മോസ്കോ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് തുഷിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ സാന്നിധ്യത്തിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്തു. തിങ്കളാഴ്ച കലിനിൻഗ്രാഡിലെ കപ്പൽശാലയിൽ നിന്നാണ് രാജ്‌നാഥ് സിംഗ് ഐഎൻഎസ് തുഷിൽ കമ്മീഷൻ ചെയതത്. ഇന്ത്യയും റഷ്യയും സഹകരണത്തിൻ്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഐഎൻഎസ് തുശീൽ കമ്മീഷൻ ചെയ്തുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇതോടെ, ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ ഫ്ളീറ്റിൽ ചേരുന്ന ഐഎൻഎസ് തുഷിൽ ലോകത്തിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച യുദ്ധക്കപ്പലുകളുടെ പട്ടികയിൽ ആണ് ഇടംപിടിച്ചിരിക്കുന്നത്. 2016ൽ റഷ്യയുമായി ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഐഎൻഎസ് തുഷിൽ നിർമ്മിച്ചത്. വായുവിലും ഉപരിതലത്തിലും വെള്ളത്തിനടിയിലും വൈദ്യുതകാന്തിക അളവുകളിലും നാവിക യുദ്ധത്തിൻ്റെ സ്പെക്ട്രത്തിലുടനീളം പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കപ്പൽറഷ്യൻ-ഇന്ത്യൻ വ്യവസായങ്ങളുടെ സഹകരണ വൈദഗ്ധ്യത്തിൻ്റെ വലിയ തെളിവാണ്.
125 മീറ്റർ നീളവും 3,900 ടൺ ഭാരവുമുള്ള കപ്പലിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, മെച്ചപ്പെട്ട ശ്രേണികളുള്ള സർഫേസ്-ടു-എയർ മിസൈലുകൾ, നവീകരിച്ച മീഡിയം റേഞ്ച് ആൻ്റി-എയർ, ഉപരിതല തോക്കുകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധങ്ങളാണുള്ളത്. നിയന്ത്രിത ക്ലോസ് റേഞ്ച് റാപ്പിഡ് ഫയർ ഗൺ സിസ്റ്റം, ആൻ്റി സബ്മറൈൻ ടോർപ്പിഡോകളും റോക്കറ്റുകളും, നൂതന ഇലക്ട്രോണിക് യുദ്ധവും ആശയവിനിമയവും കപ്പലില്‍ ഉണ്ട്.
കലിനിൻഗ്രാഡിലെ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, റഷ്യൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, റഷ്യയിലെ ഇന്ത്യൻ അംബാസഡർ എന്നിവരും പങ്കെടുത്തു.
Discussion about this post