പ്ലാസിക് മാലിന്യങ്ങള്‍ ഭൂമിയ്ക്ക് വലിയ ദോഷമായി മാറിയിരിക്കുകയാണ്. സമുദ്ര ജീവികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഭീഷണിയായ ഇവ മൈക്രോപ്ലാസ്റ്റിക് കണങ്ങളായി വായുവും മലിനമാക്കുന്നു. ഇപ്പോഴിതാ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന ഒരു പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍.
ഇവര്‍ സമുദ്രത്തില്‍ അലിഞ്ഞ് ചേരുന്ന ബയോ ഡീഗ്രെയ്ഡബിള്‍ പ്ലാസ്റ്റിക്കുകളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.ജപ്പാനിലെ റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് സമുദ്രജലത്തില്‍ ലയിക്കുന്ന ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തത്. പരിസ്ഥിതിക്ക് ഭീഷണി അല്ലാത്തതും കടല്‍ ജലത്തില്‍ വളരെ വേഗത്തില്‍ അലിഞ്ഞില്ലാതായി തീരുന്നതുമായ പ്ലാസ്റ്റിക് തങ്ങള്‍ കണ്ടെത്തിയെന്നാണ് അവകാശവാദം.
വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പോലും പാക്കേജ് ചെയ്യാന്‍ ഈ മെറ്റീരിയല്‍ അനുയോജ്യമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടു. കൂടാതെ വിഷരഹിത ഘടകങ്ങള്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത് കൊണ്ടുതന്നെ ഗുണമേന്മയുടെ കാര്യത്തിലും ഈ പ്ലാസ്റ്റിക് ഏറെ മുന്‍പന്തിയിലാണ്. ഭക്ഷ്യവസ്തുക്കളും ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ധൈര്യമായി പാക്ക് ചെയ്യാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഭൂമിയില്‍ പെട്ടെന്ന് നശിക്കാനുള്ള കഴിവാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കിന്റെ പ്രധാന സവിശേഷത. മണിക്കൂറുകള്‍ക്കുള്ളില്‍ സമുദ്രജലത്തില്‍ ലയിക്കുന്ന ഇവ ദീര്‍ഘകാല പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കും, പ്ലാസ്റ്റിക് മണ്ണിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ നശിക്കുമെന്നും വിഘടന പ്രക്രിയയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി മെച്ചപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഇവയെന്നും ഗവേഷകര്‍ പറയുന്നു.
Discussion about this post