കടലിൽ വലയെറിഞ്ഞപ്പോൾ മീനിന് പകരം കിട്ടിയത് ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങൾ. അതിന്റ കൂടെ ഒരു മൃതദേഹവും കണ്ടെത്തി. നോർത്ത് സീ പ്രദേശത്ത് നിന്നാണ് വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ഏതാണ്ട് ഒരു വർഷത്തിലേറെയായി കാണാതായ ജർമ്മൻ സ്വദേശിയായ പൈലറ്റിൻറേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്.
കണ്ടെത്തിയത് ‘സെസ്‌ന 172′ എന്ന ചെറു വിമാനത്തിൻറെ അവശിഷ്ടങ്ങളാണ്. ഷെറ്റ്‌ലാൻഡിനും നോർവേയ്ക്കും ഇടയിൽ വെച്ച് കഴിഞ്ഞ സെപ്തംബറിൽ കാണാതായ വിമാനത്തിൻറെ ഭാഗങ്ങളാണ് ഇതെന്ന് എയർ ആക്‌സിഡൻറ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) പറഞ്ഞു. വിമാന ഭാഗത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ തുടങ്ങിയതായി സ്‌കോട്ട്‌ലൻഡ് പോലീസ് അറിയിച്ചു.
ബെനാർക്കിൾ രണ്ട് എന്ന വലിയ മത്സ്യബന്ധന ബോട്ടിൻറെ വലയിൽ വിമാന അവശിഷ്ടങ്ങൾ കുരുങ്ങുകയായിരുന്നു. ഇത് പൊക്കിയെടുത്ത് കടലിൻറെ ഉപരിതലത്തിലേക്ക് കൊണ്ടുവരികയും തുടർന്ന് ഞായറാഴ്ചയോടെ ലെർവിക് തീരത്തേക്ക് എത്തിക്കുകയുമായിരുന്നു. മനുഷ്യൻറെ മൃതദേഹം ഇതിൽ നിന്ന് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സ്‌കോട്ട്‌ലൻഡ് പോലീസും ജർമ്മൻ അധികൃതരുമായും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ടെന്ന് എഎഐബി പറഞ്ഞു.
ഒരു എഞ്ചിൻ മാത്രമുള്ള നാല് സീറ്റുകളുള്ള വിമാനമാണ് സെസ്‌ന 172’ . 2023 സെപ്തംബർ 30ന് രാവിലെ 10.30നാണ് ജർമ്മനിയിലെ ഹീസ്റ്റിലെ യുട്ടേഴ്‌സൻ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്ന് ആറ് മണിക്കൂറിനുള്ളിൽ ഷെറ്റ്‌ലാൻഡിൽ നിന്ന് 128 കിലോമീറ്റർ അകലെയുള്ള റഡാർ സ്‌ക്രീനുകളിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.
Discussion about this post