ന്യൂഡൽഹി : ഇന്ത്യൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് രണ്ട് ബംഗ്ലാദേശി മത്സ്യബന്ധന ട്രോളറുകൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. 78 ബംഗ്ലാദേശി പൗരന്മാരെയും കോസ്റ്റ് ഗാർഡ് പിടികൂടിയിട്ടുണ്ട്. മാരിടൈം പട്രോളിംഗിനിടെ, ഇന്ത്യൻ കടലിൽ അനധികൃതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന 78 ബംഗ്ലാദേശികൾ അടങ്ങുന്ന രണ്ട് ട്രോളറുകൾ ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്.
എഫ് വി ലൈല-2, എഫ് വി മേഘ്ന-5 എന്നീ മത്സ്യബന്ധന ട്രോളറുകൾ ആണ് കോസ്റ്റ് ഗാർഡ് പിടികൂടിയിട്ടുള്ളത്. ഐഎംബിഎൽ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ ആണ് ഇവരെ ഇന്ത്യൻ സമുദ്രത്തിൽ ലംഘിച്ച നിലയിൽ കണ്ടെത്തിയത്. നിയമനടപടികൾക്കായി കപ്പലുകൾ പാരദീപിലേക്ക് കൊണ്ടുവന്നിട്ടുള്ളതായും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ സമുദ്രങ്ങളിലെ അനധികൃത നുഴഞ്ഞുകയറ്റങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ വലിയ ശ്രദ്ധ സ്വീകരിച്ചുവരികയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഏതാനും ദിവസങ്ങൾക്കു മുൻപ് അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ കടന്നതിന് മ്യാൻമറിൽ നിന്നുള്ള നാലംഗ സംഘത്തെയും കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു.
Discussion about this post