തിരുവനന്തപുരം:കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ മാറ്റണം എന്ന ആവശ്യത്തെ ചൊല്ലി കോൺഗ്രസ്സിൽ കടുത്ത ഭിന്നത. ഉപതിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് അകറ്റിനിർത്തിയെന്ന പരാതി പരസ്യപ്പെടുത്തി ചാണ്ടി ഉമ്മൻ എം.എൽ.എ.യാണ് വിവാദത്തിന് തിരികൊളുത്തിയത്. ഉപതിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നതിനാൽ ചാണ്ടി ഉമ്മന്റെ വിമർശനം എങ്ങോട്ടേക്കാണെന്ന് ജനത്തിനടക്കം കൃത്യമായി മനസിലായി.
ഇതേ തുടർന്ന് കെ. മുരളീധരനും സുധാകരനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു . നേതൃത്വമാറ്റമുണ്ടെങ്കിൽ സുധാകരൻ മാത്രമായി മാറേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. കോൺഗ്രസിൽ ഉയർന്നുവരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഉള്ള പുതുനിരയുമായി ചാണ്ടി ഉമ്മനുള്ള അകൽച്ചയുടെ പ്രതിഫലനമായിരുന്നു ഇത്. ശശി തരൂരും രമേശ് ചെന്നിത്തലയും നേരത്തെതന്നെ ഈഭാഗത്ത് നിലയുറപ്പിച്ചിരുന്നു.
ലോക്‌സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച സാഹചര്യത്തിൽ കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം താത്പര്യപ്പെടുന്നു. ശശി തരൂരും, കെ മുരളീധരനും അടക്കം ഈ പക്ഷക്കാരാണ്. എന്നാൽ പ്രതിപക്ഷനേതാവാണ് കാര്യങ്ങൾ ഏകോപിപ്പിക്കാനും മറ്റും മുന്നിൽ നിന്നതെന്നും അദ്ദേഹത്തോട് ഒരുമയോടെ മുന്നോട്ടുപോകുന്ന ഒരാൾ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് വരണമെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.










Discussion about this post