തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായ വഞ്ചിയൂരിൽ ഒടുവിൽ തെറ്റ് ഏറ്റു പറഞ്ഞ് സി പി എം. സി.പി.എം ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റുസമ്മതിച്ച് സി.പി.എം. വഞ്ചിയൂർ ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങുകൾക്കായി സ്റ്റേജ് കെട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നും അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. തലസ്ഥാനത്ത് ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം റോഡുപണി നടക്കുന്നതിനാൽ ജനറൽ ആശുപത്രി പരിസരത്ത് വാഹനങ്ങൾ നിരോധിച്ചിരുന്നു. അത് കണക്കിലെടുത്താണ് സ്റ്റേജ് കെട്ടിയതെന്നും ജോയി പറഞ്ഞു. പാതയോരങ്ങളിൽപ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരിൽ പ്രധാനവഴി പൂർണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. ഇതിനെ തുടർന്ന് ആംബുലൻസ് അടക്കം കാത്തിരിക്കേണ്ടി വരുകയും വലിയ ജനരോഷമുണ്ടാവുകയും ചെയ്തിരുന്നു.
വഞ്ചിയൂരെ സ്റ്റേജ് വിവാദത്തിൽ കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ചിരുന്നു. മരട് സ്വദേശിയായ പ്രകാശന്റെ ഹർജി പരിഗണിക്കവേയായിരുന്നു ഇത്. ഇത് കൂടാതെ റോഡടച്ചുള്ള സമ്മേളനത്തിനെതിരെ വഞ്ചിയൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്നായിരുന്നു ഇത്.
Discussion about this post