പുഷ്പ 2 ന്റെ പ്രദർശനത്തിനിടെയുണ്ടായ തർക്കത്തിനിടെ തീയേറ്റർ കാന്റീനിലെ ജീവനക്കാർ മറ്റൊരാളുടെ ചെവി കടിച്ചെടുത്തതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫാൽക്ക ബസാർ ഏരിയയിലെ കാജൽ ടാക്കീസിലാണ് സംഭവം. ഗുഡ ഗുഡി നാകയിലെ താമസക്കാരനായ ഷബീർ ഖാനിന്റെ ചെവിയാണ് കാന്റീനിലെ ജീവനക്കാൻ കടിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാന്റീനിലെ ജീവനക്കാൻ രാജു, ചന്ദൻ, എം എ ഖാൻ എന്നിവരും ലഘുഭക്ഷണത്തിനും മറ്റ് പലഹാരങ്ങൾക്കും പണം നൽകുന്നതിനെ ചൊല്ലി തർക്കം ഉണ്ടാവുകയായിരുന്നു. വാക്കുതർക്കം വാക്കേറ്റത്തിലേക്ക് നീങ്ങി.
ഇതിനിടയിൽ കാന്റീനിലെ ജീവനക്കാരിലൊരാൾ ഖാന്റെ ചെവി കടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി രക്തം വാർന്നു കിടന്നയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖാന്റെ ചെവിയിൽ എട്ട് തുന്നലുകളുണ്ട് എന്നാണ് വിവരം.
പിന്നീട് ഖാൻ പ്രതികൾക്കെതിരെ ഇന്ദർഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കൽ റിപ്പോർട്ട് എടുക്കുകയും ചെയ്തു. കൈകളും കാലുകളും ബന്ധിച്ചിരിക്കുന്ന അല്ലു അർജുൻ ശത്രുക്കളെ കടിച്ചുകീറി പോരാടുന്ന ചിത്രത്തിലെ അവസാന സ്റ്റണ്ട് സീക്വൻസുമായി ഈ കുറ്റകൃത്യത്തെ താരതമ്യം ചെയ്യുന്നുണ്ട്.
Discussion about this post