മികച്ച സിനിമകളുടെ മാത്രമല്ല മികച്ച വെബ് സീരീസുകളുടെ കൂടി വർഷമായിരുന്നു 2024. നിരവധി പ്രമുഖ താരങ്ങൾ പോലും വെബ് സീരീസ് രംഗത്തേക്ക് കടന്നുവന്നത് ഈ വർഷം നമ്മൾ കണ്ടു. വിദേശ രാജ്യങ്ങൾക്ക് സമാനമായി ഇന്ത്യയും വെബ് സീരീസുകളുടെ വലിയ സാധ്യത മനസ്സിലാക്കിയ വർഷമായിരുന്നു ഇത്. 2024ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച 10 വെബ് സീരീസുകൾ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ ഐഎംഡിബി.
1. ഹീരമാണ്ഡി
പ്രമുഖ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി അണിയിച്ചൊരുക്കിയ വെബ്സരീസ് ആയിരുന്നു ഹീരമാണ്ഡി. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ വേശ്യാവൃത്തിക്കാരുടെ ജീവിതത്തിലെ പ്രണയത്തിൻ്റെയും വഞ്ചനയുടെയും കഥകളിലേക്കുള്ള ഉദ്ദ്വേഗം നിറഞ്ഞ യാത്രയായിരുന്നു ഹീരമാണ്ഡി. ബോളിവുഡിലെ നിരവധി പ്രമുഖ നടിമാർ ഈ വെബ് സീരീസിൽ വേഷമിട്ടു. മനീഷ കൊയ്രാള, സോനാക്ഷി സിൻഹ, അദിതി റാവു ഹൈദാരി എന്നിവരാണ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2. മിർസാപൂർ സീസൺ 3
പ്രതികാരവും അധികാര പോരാട്ടങ്ങളും നിറഞ്ഞ ക്രൈം ഡ്രാമ മിർസാപൂരിന്റെ മൂന്നാം ഭാഗം 2024ൽ പുറത്തിറങ്ങി. അലി ഫസൽ, രസിക ദുഗൽ, ശ്വേതാ ത്രിപാഠി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
3. പഞ്ചായത്ത്
ഉത്തർപ്രദേശിലെ ഒരു വിദൂര ഗ്രാമത്തിലെ ഒരു പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിയായി ജോലിക്ക് ചേരുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയായ അഭിഷേകിൻ്റെ യാത്ര പകർത്തുന്ന ഒരു കോമഡി ഡ്രാമയാണ് പഞ്ചായത്ത്. ഇന്ത്യൻ വെബ് സീരീസ് രംഗത്ത് ഏറെ സ്വീകാര്യത നേടിയ ഒന്നായിരുന്നു പഞ്ചായത്ത്. ജിതേന്ദ്ര കുമാർ, രഘുബീർ യാദവ്, ചന്ദൻ റോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
4. ഗ്യാരഹ് ഗ്യാരഹ്
1990, 2001, 2016 എന്നീ വർഷങ്ങളിലെ ചില സംഭവങ്ങളെ കുറിച്ചുള്ള സയൻസ് ഫിക്ഷൻ മിസ്റ്ററി ടൈം ട്രാവൽ ത്രില്ലർ ആണ് ഗ്യാരഹ് ഗ്യാരഹ്. രാഘവ് ജുയൽ, കൃതിക കമ്ര, ധൈര്യ കർവ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
5. കോട്ട: ഹണി ബണ്ണി
വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു, കെ കെ മേനോൻ എന്നിങ്ങനെയുള്ള പ്രമുഖ താരങ്ങൾ അണിനിരന്ന വെബ് സീരിസ് ആയിരുന്നു കോട്ട: ഹണി ബണ്ണി. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഈ സീരീസ് ശ്രദ്ധേയമായിരുന്നു.
6. മാംല ലീഗൽ ഹെ
രസകരമായ ഒരു കോർട്ട് റൂം ഡ്രാമ ആയിരുന്നു മാംല ലീഗൽ ഹെ. കോടതി മുറിയും നിയമനടപടികളെയും കോമഡിയിലൂടെ സമന്വയിപ്പിച്ച് പ്രേക്ഷകരെ രസിപ്പിക്കാൻ ഈ സീരീസിന് കഴിഞ്ഞു. രവി കിഷൻ, നൈല ഗ്രെവാൾ, നിധി ബിഷ്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
7. ടാസ ഖബർ
പുത്തൻ ആശയവും മികച്ച രീതിയിലുള്ള കഥ പറച്ചിലും കൊണ്ട് ഈ വർഷം ഇന്ത്യൻ വെബ് സീരിയസുകളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ ടാസ ഖബറിന് കഴിഞ്ഞു. ഭുവൻ ബാം, ശ്രിയ പിൽഗോങ്കർ, ശിൽപ ശുക്ല എന്നിവരായിരുന്നു അഭിനേതാക്കൾ.
8. മർഡർ ഇൻ മാഹിം
മുംബൈയിലെ മാഹിം ഏരിയയിലെ എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ നിന്നുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകൾ അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചു നടക്കുന്ന കഥയാണ് മർഡർ ഇൻ മാഹിം. ശിവാനി രഘുവംശി,വിജയ് റാസ്, അശുതോഷ് റാണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
9. ശേഖർ ഹോം
1990-കളുടെ തുടക്കത്തിൽ ബംഗാളിലെ ലോൺപൂർ എന്ന പട്ടണത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരീസ് ആയിരുന്നു ശേഖർ ഹോം. ഓരോ എപ്പിസോഡും പുതിയ പ്രതികളെ പരിചയപ്പെടുത്തുകയും വ്യത്യസ്ത കൊലപാതക കേസുകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ഈ സീരീസിന് കഴിഞ്ഞു. കെ കെ മേനോൻ, രൺവീർ ഷോറി, രസിക ദുഗൽ എന്നിവരായിരുന്നു അഭിനേതാക്കൾ.
10. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ
ഹാസ്യ താരം കപിൽ ശർമ അവതരിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ ആണ് ഐഎംഡിബി പത്താം സ്ഥാനത്ത് തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി പ്രമുഖരായ അതിഥികൾ ഈ വർഷം ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തിരുന്നു.
Discussion about this post