ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളിൽ മജിസ്ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും.
അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ താരം അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പോലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്‌നേഹ റെഡ്ഢിയും പോലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പോലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നതായും അല്ലു പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post