കുവൈത്ത് സിറ്റി; രാജ്യത്ത് വർഷങ്ങളായി നിലനിന്നിരുന്ന റെസിഡൻസി നിയമത്തിൽ മാറ്റവുമായി കുവൈത്ത്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും.രാജ്യത്തിന്റെ ഇമിഗ്രേഷൻ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് നവംബർ 28ന് പുതിയ നിയമം ഭരണകൂടം അവതരിപ്പിച്ചത്.
കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി വ്യക്തമാക്കി.നിലവിൽ വിസിറ്റിംഗ് വിസക്ക് ഒരു മാസത്തെ കാലയളവാണ് അനുവദിക്കുന്നത്. വിദേശികൾക്ക് അഞ്ച് വർഷം വരെ കുവൈത്തിൽ സ്ഥിര താമസാവകാശം നേടാനും നിയമം അനുവദിക്കുന്നു. കാബിനറ്റ് തീരുമാനമനുസരിച്ച് റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസി അനുവദിക്കും. വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസ് വിസയും നൽകും.
വിസ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം തടയുന്നതിന് വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെസിഡൻസി പെർമിറ്റ്, വിസ പുതുക്കൽ എന്നിവ പണം ഈടാക്കി നൽകുന്നവർക്ക് കർശന പിഴ ചുമത്തും. തൊഴിലുടമകൾക്ക് അവരുടെ യഥാർത്ഥ റിക്രൂട്ട്മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ നിന്ന് ഇപ്പോൾ വിലക്കുണ്ട്.
Discussion about this post