വാഷിംഗ്ടൺ : പ്രശസ്ത തബല വാദകൻ ഉസ്താദ് സക്കീർ ഹുസൈനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അമേരിക്കയിലുള്ള അദ്ദേഹത്തെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉസ്താദ് സക്കീർ ഹുസൈനായി എല്ലാവരുടെയും പ്രാർത്ഥന വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം സമൂഹമാദ്ധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ഉസ്താദ് സക്കീർ ഹുസൈൻ. അദ്ദേഹത്തിൻ്റെ പിതാവ് അല്ലാഹ് റഖയും ഒരു പ്രശസ്ത തബല വാദകനായിരുന്നു.1951-ൽ മുംബൈയിൽ ജനിച്ച സക്കീർ ഹുസൈൻ ലോകത്തിലെ ഏറ്റവും മികച്ച തബല സംഗീതജ്ഞരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
സംഗീത ലോകത്തിനുള്ള സംഭാവനകൾ പരിഗണിച്ച് ഇന്ത്യ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. 1999-ൽ യുഎസ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് അദ്ദേഹത്തിന് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നൽകിയപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൻ്റെ ആഗോള അംബാസഡറായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. നാലുതവണ ലോകപ്രശസ്തമായ ഗ്രാമി അവാർഡുകൾ നേടുകയും ഏഴുതവണ ഗ്രാമി നോമിനേഷനിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഉസ്താദ് സക്കീർ ഹുസൈൻ.
Discussion about this post