കൽപറ്റ: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന് മാനന്തവാടിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
നാലു പേരടങ്ങുന്ന സംഘം റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഇതിനിടയിൽ ഇവർ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു . മൂന്നുപേര്‍ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയും എന്നാൽ സതീഷിന് അത് ചെയ്യാൻ കഴിയാതെ വരുകയുമായിരിന്നു. കാലില്‍ കമ്പി ഇട്ടിരിക്കുന്നതിനാല്‍ സതീഷ് ആനയുടെ മുന്നില്‍ നിന്നും രക്ഷപ്പെടാനാകാതെ നിന്ന് പോയി. പാഞ്ഞെത്തിയ കാട്ടാന സതീഷിനെ കുത്തി വീഴ്ത്തി.
ആദ്യം മാനന്തവാടി ആശുപത്രിയില്‍ എത്തിച്ച സതീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാരിയലിന് പൊട്ടല്‍ ഉള്ളതിനാല്‍ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത് . സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം പഴൂര്‍ തോട്ടംമൂല ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
Discussion about this post