ചെറിയ ക്ലാസുകളിലേ നമ്മൾ പഠിക്കുന്നതാണ് കാൽനടക്കാർ റോഡിന്റെ വലതുവശം ചേർന്ന് നടക്കണമെന്നും ഡ്രൈവർമാർ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കണമെന്നും. എന്നാൽ വിദേശരാജ്യങ്ങളിൽ വാഹനങ്ങൾ വലത് വശം ചേർന്നാണ് പോകുന്നത്. എന്തായിരിക്കാം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ലെഫ്റ്റ് ഹാൻഡ് റോഡ് ഡ്രൈവ് സിസ്റ്റം നിലനിന്നുപോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇവിടുത്തെ നിയമം അത്തരത്തിലായത് കൊണ്ട് അത് പിന്തുടർന്ന് പോകുന്നു എന്നതായിരിക്കും പലരുടെയും ഉത്തരം. ഇതിന് ചരിത്രവുമായാണ് ബന്ധം ഉള്ളത്. ലോകത്ത് അറുപത്തിയഞ്ച് ശതമാനം ഭാഗങ്ങളിലും റൈറ്റ് സൈഡ് ഡ്രൈവാണുള്ളത് അതായത് റോഡിന്റെ വലതുവശം ചേർന്നുള്ള ഡ്രൈവ്.എന്നാൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന മുപ്പത്തിയഞ്ച് ശതമാനം രാജ്യങ്ങളിൽ ലെഫ്റ്റ് ഹാന്റ് റോഡ് സിസ്റ്റം പാലിച്ചുപോരുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് യുദ്ധസമയങ്ങളിൽ ബ്രിട്ടീഷുകാർ കുതിരപടയോട്ടത്തിന് റോഡിന്റെ ഇടതുവശമായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇടതുകൈ കൊണ്ട് കുതിരയെ നിയന്ത്രിക്കാനും വലുതുകൈയുപയോഗിച്ച് യുദ്ധം ചെയ്യാനും ഏറ്റവും അനുയോജ്യമായിട്ടുള്ള രീതിയായിരുന്നു ഇത്. വാളുകൾ പൊതുവെ സൂക്ഷിക്കുന്നതും ഇടത് ഭാഗത്താണ്. വാൾ ഉറയിൽ നിന്നും ഊരി വലതുകൈവീശിയായിരുന്നു ശത്രുക്കളുമായി യുദ്ധം ചെയ്തിരുന്നത്. ഈ സൗകര്യം കണക്കിലെടുത്ത് റോഡിന് ഇടതുവശം ചേർന്നായിരുന്നു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നതും.
കൂടാതെ കുതിരയിൽ കേറാനും ഇറങ്ങാനും ഇടതുവശം എളുപ്പമായിരുന്നു എന്നുള്ളതും മറ്റൊരു കാരണമാണ്. പിന്നീട് വാഹന ഗതാഗതം പുരോഗമിച്ചപ്പോൾ ഈ വ്യവസ്ഥ വാഹനങ്ങളിലും പിന്തുടർന്നു.കാലഘട്ടം മാറിയതിന് പിന്നാലെ റോഡിന് ഇടതുഭാഗം ചേർന്ന് വാഹനമോടിക്കുക എന്ന വ്യവസ്ഥ ബ്രിട്ടനിൽ നിലവിൽ വന്നു. തത്ഫലമായി ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഈ വ്യവസ്ഥ പാലിക്കേണ്ടതായി വന്നു.
1960 ബ്രിട്ടീഷുകാർ റൈറ്റ് ഹാന്റ് സിസ്റ്റത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും ചെലവുകളുടെയും മറ്റ് സാങ്കേതികത കാരണങ്ങളുടെയും പശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post