ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വലിയ ധാതുനിക്ഷേപമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ( NIOT), നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച് ( NCPOR) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം സംയുക്തമായി നടത്തിയ പര്യവേക്ഷണത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാക്കിയേക്കാവുന്ന ഈ കണ്ടെത്തല്‍.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ എക്സ്‌ക്ലൂസിവ് എക്കണോമിക് സോണിനുള്ളില്‍ വരുന്ന മേഖലയിലാണ് പര്യവേക്ഷണം നടന്നിരിക്കുന്നത്. സമുദ്രത്തിനടിയില്‍ 4500 മീറ്റര്‍ താഴ്ചയില്‍ വരെ എത്തി നടത്തിയ പരിശോധനയില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ വലിയൊരു ശേഖരമാണ് കണ്ടെത്തിയത്. ധാതുനിക്ഷേപങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലാണ് ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകള്‍ കാണപ്പെടുക.
ധാതു നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് മുന്നോടിയായി ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ സാന്നിധ്യമാണ് ആദ്യം കണ്ടെത്താന്‍ ശ്രമിക്കുക. സ്വര്‍ണം, വെള്ളി, കോപ്പര്‍ തുടങ്ങിയ അമൂല്യ ലോഹധാതുക്കള്‍ ഇത്തരം ഇടങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആഴക്കടല്‍ പര്യവേക്ഷണം നടത്തി ധാതു, വാതക നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള രാജ്യത്തിന്റെ പദ്ധതി പ്രകാരമാണ് സമുദ്രത്തില്‍ പര്യവേക്ഷണം നടത്തിയത്. സമുദ്രത്തില്‍ നിന്ന് ഇത്തരം ധാതുക്കള്‍ ഖനനം ചെയ്തെടുക്കാനുള്ള സാങ്കേതിക വിദ്യകള്‍ പലതും ഇവിടെയില്ല. ഇനി ഈ കണ്ടെത്തല്‍ സാധൂകരിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ഇതിന് പിന്നാലെ ഉണ്ടാകും. ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണ പദ്ധതിയായ സമുദ്രയാന്റെ ഭാഗമായി 6000 മീറ്റര്‍ താഴ്ചയിലാകും ഇനി പര്യവേക്ഷണം നടത്തുക.
Discussion about this post