ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും.വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിക്കാൻ പോകുന്ന ബിൽ . ചൊവ്വാഴ്‌ചത്തെ ലോവർ ഹൗസിൻ്റെ ലിസ്‌റ്റ് ചെയ്‌ത അജണ്ടയിൽ ആണ് ഈ ഭരണഘടനാ ഭേദഗതി ബിൽ ഉൾപ്പെടുന്നത്. ഭരണഘടനയുടെ നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി ആയ ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ അവതരിപ്പിക്കും.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നതിന് പുറമെ, 1963 ലെ ഗവൺമെൻ്റ് ഓഫ് യൂണിയൻ ടെറിട്ടറി ആക്‌ട് ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്റ്റ്, 1991; ജമ്മു കശ്മീർ പുനഃസംഘടന നിയമം, 2019, എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും മേഘ്‌വാൾ നാളെ അവതരിപ്പിക്കും. ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ഒരേ സമായം തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരാനുള്ളതാണ് ഈ ഭേദഗതികൾ.
ഈ മാസം ആദ്യമാണ് കേന്ദ്രമന്ത്രിസഭ ‘ഒരു രാഷ്ട്രം , ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് അംഗീകാരം നൽകിയത്. ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അതിൻ്റെ സഖ്യകക്ഷികളും ബില്ലിനെ പിന്തുണയ്ക്കുമ്പോൾ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നിവയുൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർക്കുന്നു.
Discussion about this post