നടപ്പ് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യം ഏവര്‍ക്കും അറിയാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും കായികമായ ഗുണത്തിനുമൊക്കെ ഇതുപകരിക്കും. എന്നാല്‍ ഇതു കൊണ്ടുള്ള ഒരു പുതിയ പ്രയോജനം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍. നടത്തം വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ് ഇതില്‍ പറയുന്നത്.
ജെ.എ.എം.എ നെറ്റ്വര്‍ക്ക് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടുതല്‍ ചുവടുകള്‍ നടക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. മാനസികാരോഗ്യവും വ്യായാമവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് കാസ്റ്റില്ലെ-ലാ മാഞ്ചാ എന്ന സ്ഥാപനത്തിലെ എസ്റ്റേല ജിമിനസ് ലോപസ് നേതൃത്വം നല്‍കിയ ഈ പഠനം ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. 96,000 പേരില്‍ നടത്തിയ 33 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് പരിശോധിച്ചത് പഠനത്തില്‍ പങ്കെടുത്തവരില്‍ നടത്തത്തിന്റെ ശീലങ്ങള്‍, ദിനംപ്രതിയുള്ള ചുവടുകള്‍ എന്നിവ പരിശോധിക്കുകയും അത് മാനസികാരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരീക്ഷിച്ചു.
ദിവസേന കൂടുതല്‍ നടക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യതയെ വളരെ കുറയ്ക്കുന്നു. ദിവസേന 5000 ചുവടുകള്‍ നടക്കുന്നവരെ അപേക്ഷിച്ച് വിഷാദരോ?ഗം വരാനുള്ള സാധ്യത, അധികമായി 1000 ചുവടുകള്‍ നടക്കുന്നവരില്‍ 9% കുറവാണെന്നും ദിവസേന 7000 ചുവടുകള്‍ വെക്കുന്നവരില്‍ ഇത് 31% കുറവാണെന്നും പഠനത്തില്‍ പറയുന്നു. 7500 ചുവടുകള്‍ വെക്കുന്നവരിലാകട്ടെ സാധ്യത 43% കുറവാണെന്നും കണ്ടെത്തലുണ്ട്.
കൂടുതല്‍ നടക്കുന്നത് നല്ലതാണെങ്കിലും ഇതിനും ഒരു പരിധിയുണ്ട്. ദിവസേന 10,000 ചുവടുകളാണ് ഇതിനൊരു പരിധിയെന്ന തരത്തില്‍ ഗവേഷകര്‍ കണക്കാക്കുന്നത്.








