കോഴിക്കോട്: ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും . കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. മരണകാരണം വ്യക്തമല്ലെങ്കിലും വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിദ്യാർത്ഥിനി ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയിരുന്നു . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post