തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ 6 സർക്കാർ ജീവനക്കാർക്കെതിരെ നടപടി. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ളവർക്കെതിരെയാണ് നടപടിയെടുത്തത്. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദേശിച്ചിട്ടുണ്ട്.
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ള 1458 സർക്കാർ ജീവനക്കാരാണ് അനർഹമായ രീതിയിൽ ക്ഷേമപെൻഷൻ തട്ടിയെടുത്തത്. കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു.
ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അദ്ധ്യാപകർ എന്നിവർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി ഇതുവരെ കൈപ്പറ്റിയ തുക പലിശ അടക്കം തിരിച്ചുപിടിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
അനധികൃതമായി ക്ഷേമ പെൻഷൻ തുക കൈപ്പറ്റുന്ന ഉദ്യോഗസ്ഥരിൽ ഏറ്റവും കൂടുതൽ പേരുള്ളത് ആരോഗ്യ വകുപ്പിലാണ്. ആരോഗ്യവകുപ്പിലെ 373 ഉദ്യോഗസ്ഥരാണ് സർക്കാർ പാവപ്പെട്ടവർക്ക് നൽകുന്ന ക്ഷേമ പെൻഷൻ തുക തട്ടിയെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റീസ് വകുപ്പിലെ 34 പേരും അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിൽ ഉണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും അർഹതയില്ലാതെ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന സർക്കാർ ജീവനക്കാരായി ഉണ്ട്.
Discussion about this post