1969-ല്‍, പാലിയോബോട്ടാനിസ്റ്റുകള്‍ നടത്തിയ ഒരു കണ്ടെത്തലിന്റെ ചുരുളഴിക്കാന്‍ ഇന്ന് വരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഒത്‌നിയോഫൈറ്റണ്‍ എലോംഗറ്റം എന്ന് ഇവര്‍ പേരിട്ട് വിളിച്ച ഒരു സസ്യഫോസിലാണിത്. അന്യഗ്രഹ സസ്യം എന്നാണ് ഇതിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പാലിയോബോട്ടണി ക്യൂറേറ്ററായ സ്റ്റീവന്‍ മാഞ്ചസ്റ്ററാണ് യൂട്ടായില്‍ നിന്ന് കണ്ടെടുത്ത 47 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഈ ഫോസിലുകള്‍ പഠിക്കാന്‍ വര്‍ഷങ്ങളോളം ചെലവഴിച്ചത്.
സാധാരണ സസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചെടിയില്‍ ഇലകളുടെയും പൂക്കളുടെയും വിന്യാസം വളരെ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ പറയുന്നു. Othniophyton elongatum ന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി, മാഞ്ചസ്റ്ററും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 400-ലധികം ആധുനിക സസ്യകുടുംബങ്ങളുമായി ഫോസിലുകളുടെ ഭൗതിക സവിശേഷതകള്‍ താരതമ്യം ചെയ്തു. വളരെ വിപുലമായ തിരച്ചില്‍ നടത്തിയിട്ടും അവര്‍ക്ക് ഒരു പൊരുത്തം കണ്ടെത്താനായില്ല.
പാലിയോബോട്ടനിയിലെ ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ ഫോസില്‍. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച സസ്യങ്ങള്‍ പലപ്പോഴും ആധുനിക സസ്യങ്ങളുമായി സാമ്യം പുലര്‍ത്താറുണ്ട്. എന്നാല്‍ ഈ സസ്യം തികച്ചും വ്യത്യസ്തമാണ്.
കിഴക്കന്‍ യൂട്ടയിലെ റെയിന്‍ബോയ്ക്ക് സമീപമുള്ള ഗ്രീന്‍ റിവര്‍ ഫോര്‍മേഷനില്‍ നിന്നാണ് ഫോസിലുകള്‍ കണ്ടെത്തിയത്. ഒത്‌നിയോഫൈറ്റണ്‍ എലോംഗറ്റത്തിന്റെ ഫോസിലുകള്‍ മാത്രമല്ല മത്സ്യം, ഉരഗങ്ങള്‍, പക്ഷികള്‍, മറ്റ് സസ്യങ്ങള്‍ എന്നിവയുടെ ഫോസിലുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ന് ഭൂമിയിലുള്ളതുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത പുരാതന ആവാസവ്യവസ്ഥകളിലേക്ക് ഈ ഫോസില്‍ വെളിച്ചം വീശുന്നുവെന്നാണ് നിഗമനം. വരും കാലങ്ങളില്‍ ഇതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.













Discussion about this post