തിരുവനന്തപുരം : 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സുവർണ ചകോരം, രജത ചകോരം, കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് തുടങ്ങിയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വേദിയിൽ വച്ച് നടന്നു.
‘ഫെമിനിച്ചി ഫാത്തിമ’ എന്ന മലയാള ചിത്രമാണ് ഇത്തവണ മേളയിൽ ശ്രദ്ധ ആകർഷിച്ചത്. ഫാസിൽ മുഹമ്മദ് ഒരുക്കിയ ചിത്രത്തിന് മികച്ച സിനിമയ്‌ക്കുള്ള നെറ്റ്പാക്ക്, ഫിപ്രസി പുരസ്കാരങ്ങൾ ലഭിച്ചു. ഈ വർഷത്തെ ജനപ്രിയ ചിത്രമെന്ന നേട്ടവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ ഒരുക്കിയ സംവിധായിക പായൽ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡും മുഖ്യമന്ത്രി സമ്മാനിച്ചു.
‘മലു’ എന്ന ബ്രസീലിയൻ സിനിമയ്‌ക്കാണ് ഈ വർഷത്തെ സുവർണ ചകോരം ലഭിച്ചത്. പെഡ്രോ ഫിയേറിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ‘മി, മറിയം, ദ ചിൽഡ്രൻ, ആൻഡ് 26 അതേഴ്സ്’ എന്ന ഇറാനിയൻ ചിത്രമാണ് മികച്ച ഏഷ്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഫർഷാദ് ഹാഷ്മി സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ് രജത ചകോരവും. ‘അപ്പുറം’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ശിവരഞ്ജിനി സംവിധാനം നിർവഹിച്ച ‘വിക്ടോറിയ’ മികച്ച മലയാള നവാഗത ചിത്രമായി.
ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേള സ്ത്രീപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനത്തിൽ വ്യക്തമാക്കി. അടിച്ചമർത്തപ്പെട്ടവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും അവകാശത്തോടൊപ്പമാണ് നിലകൊണ്ടത്. മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post