തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ നടപടിയെടുത്തപ്പോൾ വമ്പന്മാരെ ഒഴിവാക്കിയെന്ന് ആക്ഷേപം. സാധാരണക്കാരായ പാർട്ട്ടൈം ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മാത്രം ബലിയാടാക്കുന്നു. ഇവർക്കെതിരെ മാത്രം നടപടിയെടുത്ത് വമ്പൻമാരെയും ഉന്നത ഉദ്യോഗസ്ഥരേയും ഒഴിവാക്കുന്നു എന്നാണ് ആരോപണം ഉയർന്നു വരുന്നത്.
കഴിഞ്ഞ ദിവസം സസ്പെൻഷനിലായ കൃഷിവകുപ്പിലെ ആറുപേരിൽ ഭൂരിപക്ഷവും പാർട്ട്ടൈം ജീവനക്കാരാണ്. മൃഗസംരക്ഷണവകുപ്പിലെ 72 പേർക്കെതിരെയും പൊതുഭരണ വകുപ്പിലെ ആറു പേർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തവരിൽ ഭൂരിഭാഗം പേരും സ്വീപ്പർ പോലുള്ള താഴ്ന്ന തസ്തികകളിലുള്ളവരാണ്. നേരത്തെ കിട്ടിയിരുന്ന ക്ഷേമപെൻഷൻ ജോലി സ്ഥിരപ്പെട്ടശേഷവും വാങ്ങിയിരുന്നവരാണ് ഇവരിൽ പലരും.
അതേസമയം ബി.എം.ഡബ്ളിയു കാർ ഉടമയും വിമുക്തഭട പെൻഷൻ വാങ്ങുന്നവരുടെ കുടുംബത്തിലുള്ളവരുമൊക്കെ എങ്ങനെ ക്ഷേമപെൻഷന് അർഹരായി എന്നതിൽ അന്വേഷണമില്ല നടപടിയുമില്ല . സാധാരണക്കാരായ കുറച്ചു ജീവനക്കാർക്കെതിരെ മാത്രം നടപടിയെടുത്ത് കണ്ണിൽ പൊടിയിടാനാണ് സർക്കാർ നീക്കം എന്നാണ് ആക്ഷേപം.
അതെ സമയം അനർഹർക്ക് പെൻഷൻ തട്ടാൻ കൂട്ടുനിന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയും ഒരു നടപടിയും ഇല്ല . രാഷ്ട്രീയ, ഉന്നതതല സമ്മർദ്ദം മൂലമാണിതെന്നാണ് ആരോപണമുയരുന്നത് . തട്ടിപ്പ് നടത്തിയവർക്കെതിരെ വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനത്തിലും ഇതുവരെ നടപടിയായില്ല.
Discussion about this post