ദില്ലി: ട്രാക്ക് മറച്ച കനത്ത മൂടല്‍ മഞ്ഞിലും കൃത്യതയോടെ കുതിച്ചു പായുന്ന ട്രെയിനിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ‘കവച്’ എന്ന ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമതയാണ് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
‘പുറത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞ്. കവച് ക്യാബിനുള്ളില്‍ തന്നെ സിഗ്‌നല്‍ കാണിക്കുന്നു. പൈലറ്റ് സിഗ്‌നലിനായി ഇനി പുറത്തേക്ക് നോക്കേണ്ടതില്ല’. എക്സില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞു. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (RDSO) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് കവച്.
കൂടാതെ ഒരു ട്രെയിന്‍ ഡ്രൈവര്‍ക്ക് കൃത്യസമയത്ത് പ്രതികരിക്കാന്‍ കഴിയാതെ വന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ കവച് സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്രേക്കുകള്‍ പ്രയോഗിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത.
അടുത്തിടെ നിരവധി റെയില്‍ അപകടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് കവച് പോലെയൊരു സംവിധാനത്തിന്റെ ആവശ്യം ശക്തമായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, പ്രതിവര്‍ഷം ശരാശരി 43 ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2015 നും 2022 നും ഇടയില്‍ പ്രതിവര്‍ഷം ശരാശരി 56 യാത്രക്കാര്‍ ട്രെയിന്‍ അപകടങ്ങളില്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.
Discussion about this post