തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാനായുള്ള പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. വൈകീട്ട് മൂന്ന് മണിയോടെ ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. ഇതിന്റെ തുടർച്ചയായി അടുത്ത ദിവസം വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ ചർച്ച നടത്തും.
ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒാൺലൈൻ ആയി ഇന്ന് യോഗം ചേരുന്നത്. ടൗൺഷിപ്പ് ആരെ ഏൽപ്പിക്കണം എന്നത് സംബന്ധിച്ച് ചർച്ചയിൽ തീരുമാനം ഉണ്ടാകും. ചീഫ് സെക്രട്ടറിയാകും ചർച്ചകൾക്ക് നേതൃത്വം നൽകുക. നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റോൺ എസ്റ്റേറ്റുമാണ് വീടുവച്ച് നൽകാൻ സർക്കാർ കണ്ടെത്തിയ സ്ഥലം. ഇതിന്റെ ഉടമകൾ നിലനിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമ പരിഹാരം കണ്ടെത്തുന്നതിന് നാളെ വൈകീട്ട് പ്രത്യേക മന്ത്രിസഭാ യോഗവും ചേരും.
അതേസമയം ദുരിത ബാധിതരുടെ പട്ടികയെ ചൊല്ലി വലിയ വിവാദം ആണ് ഉയരുന്നത്. പട്ടിക കൃത്യമല്ലെന്നാണ് ഉയരുന്ന ആക്ഷേപം. പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിഡിഎംഎ യോഗം ചേരും.
Discussion about this post