ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ്. ഇന്ന് മുതൽ മൊഴി ശേഖരിച്ച് തുടങ്ങും. സംഭവത്തിൽ മരിച്ച സാബുവിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിയുടെയും മൊഴി ആണ് രേഖപ്പെടുത്തുക. ഇതിന് പുറമേ മറ്റ് ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ആരോപണ വിധേയരായവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് എടുക്കാനാണ് തീരുമാനം.
ബാങ്കിലെ ജീവനക്കാരിൽ നിന്നും സജിയിൽ നിന്നും സാബുവിന് ദുരനുഭവം ഉണ്ടായി എന്നാണ് ഭാര്യ മേരിക്കുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകൾ ലഭിച്ചാൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് തീരുമാനം.
സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഫോൺ കസ്റ്റഡിയിൽ വാങ്ങും.
Discussion about this post