ഹെെദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തിൽ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. വീടിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളിയും വീട്ടിലേക്ക് എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊടിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. അർജുൻ്റെ ജൂബിലി ഹിൽസിലെ വസതിയിലാണ് ഒരു സംഘം അനധികൃതമായി ആക്രമണം നടത്തിയത്
പത്തോളം പേരാണ് അതിക്രമിച്ച് കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷൻ കമ്മിറ്റിയുടെ (OUJAC) നേതൃത്വത്തിലാണ് ആക്രമണം എന്നാണ് സംഘം അവകാശപ്പെട്ടത്. പുഷ്പ 2 വിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ട യുവതിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
അതെ സമയം സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും അക്രമികളെ കീഴടക്കുകയും ചെയ്തു . സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയുടെ അണിയറ പ്രവർത്തകർക്ക് വേദി സന്ദർശിക്കാനുള്ള അനുമതി പോലീസ് തടഞ്ഞിട്ടും തിയേറ്ററിൽ എത്തിയതിന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ശനിയാഴ്ച നടനെ വിമർശിച്ചിരുന്നു.
Discussion about this post