വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചിരിക്കുകയാണ്, പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 വിമാനം തകർന്നു വീണത്. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിത് യാദവ്, ഫ്‌ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, രണ്ട് പൈലറ്റുമാർ എന്നിവരും അപകടത്തിൽ മരണപ്പെട്ടു.
രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ രണ്ട് പൈലറ്റുമാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ക്യാപ്റ്റൻ സുമിത് കപൂർ, ക്യാപ്റ്റൻ ശാംഭവി പഥക് എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
ക്യാപ്റ്റൻ ശാംഭവി പഥക്
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ക്യാപ്റ്റൻ ശാംഭവി പഥക്. സൈനിക ഉദ്യോഗസ്ഥന്റെ മകളായ ശാംഭവി, ഇന്ത്യൻ വ്യോമയാന മേഖലയിലെ വളർന്നു വരുന്ന വാഗ്ദാനമായിരുന്നു. ഡൽഹിയിലെ എയർഫോഴ്‌സ് ബാൽ ഭാരതി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷൻ ആൻഡ് എയ്റോസ്പേസ് സയൻസിൽ ബിരുദം നേടിയ ശേഷം ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് അക്കാദമിയിൽ നിന്നാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. മധ്യപ്രദേശ് ഫ്‌ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്‌ലൈറ്റ് ഇൻസ്ട്രക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ശാംഭവിയുടെ അപ്രതീക്ഷിത വിയോഗം ഏവിയേഷൻ ലോകത്തിന് വലിയൊരു നഷ്ടമാണ്.
ക്യാപ്റ്റൻ സുമിത് കപൂർ
വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് ആയിരുന്ന ക്യാപ്റ്റൻ സുമിത് കപൂർ 16,000 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള അതികായനായിരുന്നു. ഡൽഹി സ്വദേശിയായ സുമിത്, സഹാറ, ജെറ്റ് എയർവേയ്സ്, ജെറ്റ് ലൈൻ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിമാനത്തിന്റെ സുപ്രധാന ഘട്ടങ്ങളായ ടേക്ക് ഓഫ്, ലാൻഡിംഗ് എന്നിവയിൽ അസാമാന്യ പ്രാവീണ്യം പുലർത്തിയിരുന്ന അദ്ദേഹം വിശ്വസ്തനായ ഒരു സീനിയർ പൈലറ്റായിരുന്നു. അദ്ദേഹത്തിന്റെ മകനും വിഎസ്ആർ ഏവിയേഷനിൽ പൈലറ്റായി ജോലി ചെയ്യുന്നുണ്ട്
അതേസമയം വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും പൂർണ്ണമായും പ്രവർത്തനക്ഷമമായിരുന്നുവെന്നും വിമാനം ഓപ്പറേറ്റ് ചെയ്തിരുന്ന വി.എസ്.ആർ ഏവിയേഷൻ മേധാവി വി.കെ. സിംഗ് വ്യക്തമാക്കി. കനത്ത മഞ്ഞും മോശം കാഴ്ചപരിധിയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റൺവേ കാണാൻ സാധിക്കാത്തതിനെ തുടർന്ന് വിമാനം ലാൻഡിംഗിന് പരാജയപ്പെടുകയും രണ്ടാമത്തെ ശ്രമത്തിനിടെ തകർന്നു വീഴുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ അറിയിച്ചു.











Discussion about this post