മുംബൈ : വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ശവസംസ്കാരം നാളെ നടക്കും. രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരിക്കും സംസ്കാരം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. അജിത് പവാറിന്റെ മരണത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
പൂനെയിലെ ബാരാമതിയിലുള്ള വിദ്യാ പ്രതിഷ്ഠാനത്തിൽ ആയിരിക്കും അജിത് പവാറിന്റെ സംസ്കാരം നടക്കുക. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കൾ പങ്കെടുക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അറിയിച്ചു. ഫെബ്രുവരി 5 ന് നടക്കുന്ന സംസ്ഥാനത്തെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാൻ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോകുമ്പോഴായിരുന്നു അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണത്. അപകടത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു നാല് പേരും കൂടി കൊല്ലപ്പെട്ടു.
വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) ഒരു സംഘം ബാരാമതിയിലെ അപകടസ്ഥലം പരിശോധിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ലിയർജെറ്റ് 46 വിമാനം ബാരാമതി എയർഫീൽഡിൽ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. ഫ്ലൈറ്റ് റഡാർ പ്രകാരം , രാവിലെ 8:10 ന് മുംബൈയിൽ നിന്ന് പറന്നുയർന്ന് 8:45 ഓടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി പറയുന്നു. അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീഴുമ്പോൾ ബാരാമതി വിമാനത്താവളത്തിൽ ദൃശ്യപരത കുറവായിരുന്നുവെന്ന് പ്രാഥമിക വിവരമനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു സൂചിപ്പിക്കുന്നു.










Discussion about this post