ലോകത്തെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യയും ആഗോള സമൂഹവും ആവർത്തിച്ചു വ്യക്തമാക്കുന്ന പാകിസ്ഥാൻ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ‘സമാധാന സമിതി’യിൽ അംഗമായതിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻകൈയിൽ ഗാസ വിഷയത്തിലടക്കം സമാധാനം പുനഃസ്ഥാപിക്കാൻ രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന സംഘടനയിലാണ് പാകിസ്താൻ സ്ഥാപക അംഗമായി ഇടംപിടിച്ചത്. ബുധനാഴ്ച സംഘടനയുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) പേജിലൂടെ അറിയിപ്പ് വന്നതോടെ രൂക്ഷമായ പരിഹാസവും ട്രോളുകളുമാണ് ആഗോളതലത്തിൽ ഉയരുന്നത്.
“ബിൻ ലാദനെ തിരികെ കൊണ്ടുവന്ന് ഈ സമാധാന സമിതിയുടെ ചെയർമാനാക്കൂ” എന്നതടക്കമുള്ള പരിഹാസങ്ങളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭീകരനായിരുന്ന ഒസാമ ബിൻ ലാദനെ വർഷങ്ങളോളം ഒളിവിൽ പാർപ്പിച്ച പാകിസ്താൻ, സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദത്തിന്റെ അടിത്തറയിട്ടവർ എങ്ങനെ സമാധാനത്തിന്റെ വക്താക്കളാകും എന്നാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നെറ്റിസൺസ് ചോദിക്കുന്നത്. ലോക സമാധാനത്തിന് എന്നും ഭീഷണി ഉയർത്തുന്ന പാകിസ്താൻ ഈ സമിതിയിൽ എത്തിയത് സമാധാന സങ്കല്പത്തെ തന്നെ അപഹസിക്കുന്നതിന് തുല്യമാണെന്നും വിമർശനമുയരുന്നു.
ജനുവരി 22-ന് ദാവോസിൽ നടന്ന ചടങ്ങിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വേദിയിലിരിക്കെയാണ് ട്രംപ് ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഈ സമിതിയിൽ അംഗമാകാൻ നൽകേണ്ട ഒരു ബില്യൺ ഡോളർ (ഏകദേശം 8300 കോടി രൂപ) അംഗത്വ ഫീസ് പാകിസ്താൻ എങ്ങനെ നൽകി എന്നതാണ് മറ്റൊരു പ്രധാന ചർച്ചാവിഷയം. സ്വന്തം നാട്ടിലെ ജനങ്ങൾക്ക് രണ്ടുനേരം ഭക്ഷണം നൽകാൻ പോലും വകയില്ലാതെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ, ഇത്രയും വലിയ തുക നൽകി എന്തിന് ഇത്തരം സമിതികളിൽ അംഗമാകുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. സമാധാന സമിതിയിലെ ഭീകരരാഷ്ട്രങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ബഹ്‌റൈൻ, മൊറോക്കോ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ തുടങ്ങി നിരവധി രാജ്യങ്ങൾ ഈ സമിതിയുടെ ഭാഗമാണെങ്കിലും ഭീകരവാദ പശ്ചാത്തലമുള്ള രാജ്യങ്ങളുടെ സാന്നിധ്യം സമിതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് ഉയരുന്ന പ്രധാനവിമർശനങ്ങളിലൊന്ന്.











Discussion about this post