മുംബൈ : അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് മമതാ ബാനർജിയും അഖിലേഷ് യാദവും ഉയർത്തിയ കിംവദന്തികളെ തള്ളി എൻസിപി നേതാവ് ശരദ് പവാർ. ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത് എന്ന് ശരദ് പവാർ പ്രതികരിച്ചു. അജിത് പവാറിന്റെ അപകട വാർത്ത അറിഞ്ഞതിനുശേഷം ഉള്ള അദ്ദേഹത്തിന്റെ ആദ്യ പരസ്യ പ്രതികരണം ആയിരുന്നു ഇത്.
മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ സംഭവത്തെ ചോദ്യം ചെയ്യുകയും സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് എൻസിപിയുടെ മുതിർന്ന നേതാവിന്റെ ഈ പ്രതികരണം. ഇത്രയും സമർപ്പിതനും കഠിനാധ്വാനിയുമായ ഒരാളുടെ വിയോഗത്തിലൂടെ സംസ്ഥാനത്തിന് വലിയ നഷ്ടം സംഭവിച്ചുവെന്നും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ശരദ് പവാർ പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഈ സംഭവം മൂലമുണ്ടായ നാശനഷ്ടങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാവില്ലെന്ന് ശരദ് പവാർ പറഞ്ഞു. ചില ദുഷ്ടശക്തികൾ ഈ അപകടത്തെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി, ഇത് ശരിയല്ല. രാഷ്ട്രീയത്തിന് ഇതിൽ യാതൊരു ബന്ധവുമില്ലെന്നും ഇത് തികച്ചും ഒരു അപകടം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയും നമ്മളെല്ലാവരും ഈ അപകടത്തിൽ അഗാധമായി ഞെട്ടിയിരിക്കുകയാണ്. ഈ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, എന്നും ശരദ് പവാർ തന്റെ വീഡിയോ സന്ദേശത്തിലൂടെ സൂചിപ്പിച്ചു.










Discussion about this post