ന്യൂഡൽഹി: ഭാരതത്തിന്റെ യുവശക്തിയെ ശാക്തീകരിക്കുന്നതിൽ എൻ.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന വാർഷിക എൻ.സി.സി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,406 കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. അച്ചടക്കവും ലക്ഷ്യബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ എൻ.സി.സി വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘രാഷ്ട്ര പ്രഥം – കർത്തവ്യനിഷ്ഠ യുവ’എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ റാലി. വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ യുവാക്കൾ രാജ്യത്തിൻറെ കടമകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്നത്തെ യുദ്ധങ്ങൾ കോഡുകളിലും ക്ലൗഡുകളിലും കൂടിയാണ് നടക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാങ്കേതികവിദ്യയിൽ പിന്നിലാകുന്ന രാജ്യം സാമ്പത്തികമായും സുരക്ഷാപരമായും ദുർബലപ്പെടുമെന്നും, അത് മറികടക്കാൻ ഇന്ത്യൻ യുവാക്കൾ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി ചടങ്ങിൽ വച്ച് അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്രയുടെ വികസനത്തിന് അജിത് പവാർ നൽകിയ സംഭാവനകൾ മറക്കാനാവില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജനുവരി 5-ന് ആരംഭിച്ച ഒരു മാസം നീണ്ടുനിന്ന എൻ.സി.സി റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഉജ്ജ്വലമായ സമാപനമായിരുന്നു ഈ റാലി. ഇന്ത്യയിലെ കേഡറ്റുകൾക്ക് പുറമെ 21 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 207 യുവപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് പ്രധാനമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.











Discussion about this post