2024 അവസാനത്തോട് അടുക്കുകയാണ്. നിരവധി നല്ല വാർത്തകൾ ഉണ്ടായത് പോലെ തന്നെ നിരവധി ദുരന്തങ്ങൾക്കും ഈ വർഷം സാക്ഷിയായി. അവയിൽ പ്രകൃതിദുരന്തങ്ങൾ മുതൽ റെയിൽ, വ്യോമ അപകടങ്ങൾ വരെ ഉണ്ടായിരുന്നു. അത്തരത്തിൽ ഇന്ത്യ ഒട്ടാകെ നടുങ്ങിയ ഏറ്റവും ദാരുണമായ 10 ദുരന്തങ്ങൾ ഇവയായിരുന്നു,
1. വയനാട് ഉരുൾപൊട്ടൽ
2024 ജൂണിൽ ആയിരുന്നു വയനാട് ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ രണ്ട് ഗ്രാമങ്ങളെ ഒന്നാകെ ഇല്ലാതാക്കിയ ഭീകരദുരന്തമായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലായിരുന്നു ഉരുൾപൊട്ടൽ കനത്ത നാശം വിതച്ചത്. 300 ലേറെ മനുഷ്യരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടത്. കഴിഞ്ഞവർഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ഇത്.
2. ഹത്രാസ് അപകടം
ഉത്തർപ്രദേശിലെ ഹത്രാസിൽ ആധ്യാത്മിക നേതാവിന്റെ പ്രഭാഷണം കേൾക്കാൻ എത്തിയ ഭക്തജനങ്ങൾ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവമായിരുന്നു രാജ്യത്തെ നടുക്കിയ മറ്റൊരു ദുരന്തം. ഭോലെ ബാബ എന്ന ആധ്യാത്മിക നേതാവിന്റെ പ്രഭാഷണത്തിന് എത്തിയ ഭക്തരാണ് കൂട്ടത്തോടെ മരിച്ചത്. ജൂലൈ 2 ന് നടന്ന അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്.
3. രാജ്‌കോട്ട് ഗെയിമിംഗ് സോൺ തീപിടുത്തം
ഈ വർഷം മെയ് മാസത്തിൽ ആയിരുന്നു ഗുജറാത്തിലെ രാജ്കോട്ടിൽ ഒരു ഗെയിമിംഗ് സെന്ററിൽ തീപിടുത്തം ഉണ്ടായി നിരവധി പേർ മരിച്ചത്. മെയ് 25 ന് ടിആർപി ഗെയിം സോണിൽ അപ്രതീക്ഷിതമായി ഉണ്ടായ വൻ തീപിടുത്തത്തിൽ കുട്ടികളടക്കം 27 പേർ ആണ് മരിച്ചിരുന്നത്.
4. ഝാൻസി ആശുപത്രി തീപിടുത്തം
ഉത്തർപ്രദേശിലെ ഝാൻസി ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 17 കുഞ്ഞുങ്ങളാണ് മരിച്ചത്. ആശുപത്രിയിലെ എൻഐസിയുവിൽ ഉണ്ടായ തീപിടുത്തത്തിൽ നവജാത ശിശുക്കൾ ആയിരുന്നു ഇരയായത്. ഓക്‌സിജൻ കോൺസെൻട്രേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്.
5. മുംബൈ ഹോർഡിംഗ് അപകടം.
2024 മെയ് 13 ന്, മുംബൈയിലെ ഘാട്‌കോപ്പറിൽ കനത്ത കാറ്റിൽ ഒരു അനധികൃത ഹോർഡിംഗ് തകർന്നു വീണ് അപകടം ഉണ്ടാവുകയായിരുന്നു. ഈ അപകടത്തിൽ 17 പേർ കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെർമിറ്റുകളില്ലാതെ സ്ഥാപിച്ച ഹോർഡിംഗ് ഒരു പെട്രോൾ പമ്പിലേക്ക് വീണതാണ് പൊട്ടിത്തെറിക്ക് കാരണമായത്. കനത്ത മഴയും കൊടുങ്കാറ്റും ഉള്ള സമയത്തായിരുന്നു ഈ അപകടം നടന്നത്.
6. പശ്ചിമ ബംഗാൾ ട്രെയിൻ അപകടം
2024 ജൂൺ 17നാണ് പശ്ചിമ ബംഗാളിനെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. ഡാർജിലിംഗ് ജില്ലയിലെ രംഗപാണി റെയിൽവേ സ്റ്റേഷന് സമീപം കാഞ്ചൻജംഗ എക്‌സ്പ്രസ് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോക്കോ പൈലറ്റിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായിരുന്നത്.
7. പൂനെ ഹെലികോപ്റ്റർ അപകടം
ഒക്‌ടോബർ 2 ന് രാവിലെ പൂനെ നഗരത്തിനടുത്തുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് മുൻ ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റുമാരും ഒരു റിട്ടയേർഡ് നേവി എഞ്ചിനീയറും ആണ് മരിച്ചത്. ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ വ്യോമയാന കമ്പനിയായ ഹെറിറ്റേജ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ പൈലറ്റ് പരംജീത് സിംഗ് (62), കോ-പൈലറ്റ് ജികെ പിള്ള (57), എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയർ പ്രീതം കുമാർ ഭരദ്വാജ് (53) എന്നിവർക്കാണ് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
8. തമിഴ്നാട് മദ്യ ദുരന്തം
2024 ജൂൺ 20 -ന് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ മദ്യ ദുരന്തം ഉണ്ടായത്. ഈ മദ്യ ദുരന്തത്തിൽ 65 പേരാണ് മരിച്ചത്. അനധികൃതമായി നിർമ്മിക്കപ്പെട്ടിരുന്ന വ്യാജ മദ്യം കഴിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ സംഭവത്തിൽ 200 ലേറെ പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാവുകയും ചെയ്തിരുന്നു.
9. മുംബൈ ഫെറി അപകടം
2024 ഡിസംബർ 18നാണ് മുംബൈയെ നടുക്കിയ ഫെറി അപകടം നടന്നത്. മുംബൈ തീരത്തിനോട് ചേർന്ന സമുദ്ര പ്രദേശത്ത് വെച്ച് ഫെറി മറിഞ്ഞ് 15 പേരാണ് മരിച്ചത് . അഞ്ച് ജീവനക്കാരുൾപ്പെടെ 85 യാത്രക്കാരുമായി എലിഫൻ്റ ദ്വീപിലേക്ക് പോകുകയായിരുന്ന ഫെറി കരഞ്ജയിലെ ഉറാനിനടുത്ത് വെച്ച് ഒരു സ്പീഡ് ബോട്ട് വന്നിടിച്ച ശേഷം മറിയുകയായിരുന്നു.
10. ജയ്പൂർ ഗ്യാസ് ടാങ്കർ സ്ഫോടനം
2024ൽ ഇതുവരെയുണ്ടായ ദുരന്തങ്ങളിൽ അവസാനമായി രാജ്യത്തെ നടുക്കിയ അപകടമായിരുന്നു ജയ്പൂർ ഗ്യാസ് ടാങ്കർ സ്ഫോടനം.
ഡിസംബർ 20 ന് ഒരു എൽപിജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ചാണ് സ്ഫോടനം നടന്നത്. ജയ്പൂർ-അജ്മീർ ഹൈവേയിൽ ഉണ്ടായ ഈ അപകടത്തിൽ 12 പേർ കൊല്ലപ്പെടുകയും 37 വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തു. പുലർച്ചെ 5.30 ഓടെ ആയിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
Discussion about this post