ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള ആശയ വിനിമയമാണ് കഥയുടെ ഉള്ളടക്കം. അറിവ് നേടുന്നതിന് മുൻപ് നമ്മൾ മനസ്സിനെ എങ്ങനെ പാകപ്പെടുത്തണം എന്നതുമാണ് കഥയിൽ പ്രതിപാദിക്കുന്നത്.
ഒരു കപ്പ് ചായ
ജപ്പാനിലെ മെജി കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സെൻ ഗുരുവായിരുന്നു നാനിൻ. ഒരിക്കൽ ഒരു സർവ്വകലാശാലാ പ്രൊഫസർ അദ്ദേഹത്തെ സന്ദർശിച്ചു. സെൻ തത്ത്വചിന്തയെക്കുറിച്ച് കൂടുതൽ പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
പതിവുപോലെ, നാനിൻ തന്റെ അതിഥിക്ക് ചായ നൽകി. അദ്ദേഹം കപ്പിൽ ചായ ഒഴിക്കാൻ തുടങ്ങി. കപ്പ് നിറഞ്ഞുകവിഞ്ഞിട്ടും നാനിൻ നിർത്താതെ ചായ ഒഴിച്ചുകൊണ്ടേയിരുന്നു. ഇത് കണ്ട പ്രൊഫസർ പരിഭ്രമിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു : “കപ്പ് നിറഞ്ഞു! ഇനി അതിൽ ഒന്നും കൊള്ളില്ല!”
അപ്പോൾ നാനിൻ ചായപ്പാത്രം താഴെ വെച്ചിട്ട് പറഞ്ഞു: “ഈ കപ്പിനെപ്പോലെ നിങ്ങളുടെ മനസ്സും സ്വന്തം അഭിപ്രായങ്ങൾ കൊണ്ടും മുൻധാരണകൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ആദ്യം നിങ്ങളുടെ മനസ്സാകുന്ന കപ്പ് ശൂന്യമാക്കാതെ, ഞാൻ എങ്ങനെയാണ് നിങ്ങൾക്ക് അറിവ് പകർന്നു നൽകുക?”












Discussion about this post