ഹൈദരാബാദ്: പുഷ്പാ 2 സിനിമയുടെ പ്രീമിയം ഷോയുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്. തിയേറ്ററിന് പുറത്ത് റോഡ് ഷോ നടത്തിയിട്ടില്ലെന്നും യുവതി മരിച്ച വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അല്ലു അർജ്ജുൻ പത്രസമ്മേളനം നടത്തി പറഞ്ഞത്. എന്നാൽ ഇതിനെ ഖണ്ഡിക്കുന്ന തെളിവുകൾ പോലീസ് പുറത്തു വിട്ടു.
അല്ലു അർജുൻ വരുന്നതുവരെ തിരക്ക് നിയന്ത്രണത്തിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്നും ദൃശ്യങ്ങൾ സഹിതം പോലീസ് അറിയിച്ചു. തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടുള്ള അല്ലു അർജുന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് പോലീസ് ഇപ്പോൾ പുഷ്പ 2 റിലീസ് ചെയ്ത സന്ധ്യാ തിയേറ്ററിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
റോഡ് ഷോ നടത്തിയില്ലെന്ന അല്ലു അർജുന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. യുവതി മരിച്ച വിവരം താരം തിയേറ്ററിനകത്തുവെച്ചുതന്നെ അറിഞ്ഞിരുന്നു. ഇക്കാര്യം താനാണ് അല്ലുവിനെ അറിയിച്ചതെന്ന് ഡി.സി.പി വ്യക്തമാക്കി.
വൻ ജന തിരക്കുള്ള സമയത്ത് അല്ലു അർജ്ജുൻ റോഡ് ഷോ ആയി പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടത്. ഇത് കൂടാതെ താരത്തെ തീയേറ്ററിന് പുറത്തേക്ക് പോലീസ് അനുഗമിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഇതോടു കൂടി താരം കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
ഇത് കൂടാതെ നടന്റെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്
സന്ധ്യാ തിയേറ്ററില്‍ അല്ലു അര്‍ജുന്റെ 50ഓളം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വളരെ അശ്രദ്ധമായാണ് അവര്‍ പെരുമാറിയത്. പൊലീസുകാരെ ഉള്‍പ്പെടെ അവര്‍ തള്ളിമാറ്റി.ജനക്കൂട്ടത്തെ ഈ ബൗൺസേർസ് ശ്രദ്ധിച്ചതേയില്ല എന്നും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post