ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു . ഇതിന്റെ പേരിലാണ് സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ സമ്മതം നൽകിയത്. എന്നാൽ ഇത് ലഭിച്ചില്ലെന്ന് മാത്രമല്ല അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടർന്ന് വിവാഹ വേദിയിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടാവുകയും പോലീസ് ഇടപെടുകയും ചെയ്തു. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് വധൂ വരന്മാർ പരാതി നൽകിയത്.
ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്‍റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായി പ്രവർത്തനം നടത്തിയത്.
ഇതര ജില്ലയിൽ നിന്നുമാണ് സംഘാടകർ ദമ്പതികളെ തിരഞ്ഞെടുത്തത്. ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്ന് മാത്രം 22 ദമ്പതികൾ ഉണ്ടായിരുന്നു.
ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും തന്നു. വേണമെങ്കിൽ കെട്ടിക്കോളാൻ പറഞ്ഞു’വെന്ന് സമൂഹ വിവാഹത്തിനെത്തിയ യുവാവ് വെളിപ്പെടുത്തിയത് . സ്ത്രീകളും കുട്ടികളുമുൾപ്പെടെ ചടങ്ങിന് എത്തിയിരുന്നു. ഇവർക്കൊന്നും കുടിവെള്ളം പോലും ലഭിച്ചില്ല. എന്നാൽ ഒരു ഗ്രാം താലിയും വധൂ വരൻമാർക്കുള്ള വസ്ത്രവും മാത്രമേ ഉള്ളൂവെന്നാണ് സംഘാടകരുടെ വിശദീകരണം. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്.
അതേസമയം, സമൂഹ വിവാഹത്തിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. 24 പേരുടെ പരാതിയിൽ സൽസ്‌നേഹഭവനെതിരെ വഞ്ചനയ്ക്കും തട്ടിപ്പിനുമായി കേസെടുത്തു. സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി ഉയര്‍ത്തി 35 പേരുടെ സമൂഹ വിവാഹത്തിൽ നിന്ന് 27 പേരാണ് പിന്മാറിയത്.
ഇടുക്കിയിലെ രണ്ടു സമുദായങ്ങളിൽനിന്നു മാത്രം 22 ജോടി വിവാഹിതരാകാനെത്തിയിരുന്നു. സ്വർണത്താലിമാലയും രണ്ടുലക്ഷം രൂപയും കല്യാണവസ്ത്രങ്ങളും നൽകാമെന്നു പറഞ്ഞാണ് സംഘാടകർ ക്ഷണിച്ചതെന്ന് സമുദായനേതാക്കളിലൊരാളായ തങ്കൻ പറഞ്ഞു. വിവാഹത്തിനു മുന്നോടിയായുള്ള കൗൺസലിങ്ങിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പണവും സ്വർണവും മറ്റു ചെലവുകളും സ്പോൺസർഷിപ്പിലൂടെയും സംഭാവനയിലൂടെയും ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച വിവാഹത്തിനെത്തിയപ്പോഴാണ് താലിയും വസ്ത്രങ്ങളും മാത്രമാണുള്ളതെന്ന് സംഘാടകർ അറിയിച്ചതെന്ന് തങ്കൻ പറഞ്ഞു









Discussion about this post