തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ഒരു സ്വകാര്യ മാദ്ധ്യമം ആണ് ഇപ്പോൾ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന് പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രശാന്തിന്‍റെ ചില മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകളും ദൃശ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പണയം വെച്ചത് മുതല്‍ എഡിഎമ്മിന്‍റെ ക്വാര്‍ട്ടേഴ്സിലേക്ക് എത്തുന്നത് വരെയുള്ള മൊഴികളില്‍ തെളിവുകളുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയശേഷം എന്ത് സംഭവിച്ചു എന്നതിന് തെളിവില്ല. എന്നാൽ ഈ സി സി ടി വി ദൃശ്യങ്ങൾ നവീൻ ബാബുവിനെ കുടുക്കാൻ വേണ്ടി മനഃപൂർവ്വം ശേഖരിച്ചതാണെന്നാണ് കുടുംബത്തിന്റെ വാദം. നേരത്തെ ട്രാൻസ്ഫർ കിട്ടി പോകേണ്ടിയിരുന്ന നവീൻ ബാബുവിനെ കളക്ടർ അടക്കം ചേർന്ന് പിടിച്ചു വച്ചിരിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു
ഒക്ടോബര്‍ ആറിന് പ്രശാന്തും നവീന് ബാബുവും നാല് തവണ ഫോണില്‍ സംസാരിച്ചു. ഈ വിളികള്‍ക്കൊടുവിലാണ് പ്രശാന്ത് നവീന് ബാബു കൂടിക്കാഴ്ച നടക്കുന്നത്.
ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചു. കൈക്കൂലി കൊടുത്തെന്ന കാര്യം പ്രശാന്തിന്റെ ബന്ധു ഒക്ടോബര്‍ പത്തിനാണ് വിജിലന്‍സിനെ അറിയിക്കുന്നത്. ഒക്ടോബര്‍ 14ന് വിജിലന്‍സ് സിഐ പ്രശാന്തിന്റെ മൊഴിയെടുത്തു. അന്ന് വൈകിട്ടായിരുന്നു വിവാദമായ യാത്രയയപ്പ് യോഗവും. വിജിലന്‍സ് ഡിവൈഎസ്പിക്ക് അന്ന് തന്നെ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
Discussion about this post