വെല്ലൂര്‍: തമിഴ്‌നാട്ടില്‍ അമ്മ ആലയം എന്ന പേരില്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ക്ഷേത്രമൊരുങ്ങുന്നു. വെല്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമുള്ള ഇയപ്പേട് ഗ്രാമത്തിലാണ് ക്ഷേത്രമൊരുങ്ങുന്നത്. എം.ജി.ആര്‍ യൂത്ത് വിംഗ് സെക്രട്ടറിയായ എ.പി.ശ്രീനിവാസനാണ് ജയലളിതയ്ക്ക് അമ്പലമൊരുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കാനാണ് നീക്കം.
ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമ്മ ദൈവം തന്നെയാണെന്നും അവരോടുള്ള ഭക്തി പ്രകടിപ്പിയ്ക്കുന്നതിന്റെ ഭാഗമാണ് ക്ഷേത്രമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 2008ല്‍ സ്വന്തമായി വാങ്ങിയ ഭൂമിയിലാണ് അഭിഭാഷകനായ ശ്രീനിവാസന്‍ അമ്പലം പണിയാനൊരുങ്ങുന്നത്. 50 ലക്ഷം രൂപ ചിലവില്‍ 1200 ചതുരശ്ര അടി സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിയ്ക്കുന്നത്.
കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം പിരിച്ചാണ് ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാമെന്നും ശ്രീനിവാസന്‍ പറയുന്നു. 37കാരനായ ശ്രീനിവാസന്‍ 2004ലാണ് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത്.
Discussion about this post