എറണാകുളം: ന്യൂ ഇയറിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. പരേഡ് ഗ്രൗണ്ടിന് പുറമേ, വെളി മൈതനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ പോലീസിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാമെന്നാണ് ഹൈക്കോടതി നിർദേശം. പോലീസിന്റെ നോട്ടീസ് ചോദ്യം ചെയത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പാപ്പാഞ്ഞിയെ കത്തിക്കുന്ന സമയത്ത് കൃത്യമായ സുരക്ഷാ അകലം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടിൽ നിന്നും 70 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണം. ഫോർട്ട്‌കൊച്ചി വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ട്‌കൊച്ചി നിർമിക്കുന്ന 50 അടി ഉയരമുള്ള പാപ്പാഞ്ഞിയുടെ നിർമാണം തടഞ്ഞുകൊണ്ടാണ് പോലീസ് നോട്ടീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയത്.
ന്യൂ ഇയറിനോടനുബന്ധിച്ച് നടന്ന കാർണിവലിനോട് അനുബന്ധിച്ചാണ് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിച്ചത്.പരേഡ് ഗ്രൗണ്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് പാപ്പാഞ്ഞിയെ ഒരുക്കിയത്.
Discussion about this post