മെല്‍ബണ്‍: സമീപകാല ടെസ്റ്റുകളിൽ തുടർച്ചയായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസീസ് പര്യടനത്തിലും വളരെ മോശം ബാറ്റിംഗ് ഫോം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാതെ വരികയും ചെയ്താല്‍ താരം വിരമിക്കുമെന്നാണ് വിവരം. അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മെല്‍ബണില്‍ എത്തിചേർന്നു.
സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പര മുതല്‍ ഒരേ ഒരു തവണ മാത്രമാണ് രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടിയത്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ വലിയ നാണക്കേടിന് കാരണമാവുകയും ചെയ്തു. ഇതിനെ തുടർന്ന് ഓസ്‌ട്രേലിയയിലും മോശം പ്രകടനം തുടരുകയാണ് താരം . അതേസമയം, ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് രോഹിത് വിട്ടു നില്‍ക്കുകയും ബുംറ ടീമിനെ നയിക്കുകയും ചെയ്ത മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 22 റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാനായത്. കഴിഞ്ഞ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 155 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. വെറും 11.07 ആയിരുന്നു ശരാശരി.ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ രോഹിത്തിന് തിളങ്ങാന്‍ കഴിയാത്തതിനെ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.
ആത്മവിശ്വാസം ചോര്‍ന്നുപോയ രോഹിതിനെയാണ് കളിക്കളത്തില്‍ കാണാന്‍ കഴിയുന്നതെന്നും ക്യാപ്റ്റനെന്ന നിലയിലും കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ താരത്തിന് കഴിയുന്നില്ലെന്നും മുന്‍ താരങ്ങളും ആരാധകരും വിമര്‍ശിക്കുന്നുണ്ട്. താരം വിരമിക്കണമെന്നും നായകസ്ഥാനം ബുംറയെ ഏല്‍പ്പിക്കണമെന്നും ആവശ്യം ശക്തമാണ്. ടി20 ക്രിക്കറ്റില്‍ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു
Discussion about this post