ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട കേസിൽ കോടതി മുമ്പാകെ ഹാജരായി നടൻ അല്ലു അർജ്ജുൻ. ഓൺലൈൻ ആയാണ് അല്ലു അർജ്ജുൻ കോടതി നടപടികളിൽ പങ്കെടുത്തത്. സുരക്ഷാ കാരണങ്ങളാലാണ് നേരിട്ട് വരാത്തത് എന്നാണ് നടൻ വ്യക്തമാക്കിയത്.
കേസിൽ 11-ാം നമ്പർ പ്രതിയായ നടൻ സമർപ്പിച്ച പതിവ് ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ, വിഷയത്തിൽ പോലീസ് സമയം കൂടുതൽ സമയം തേടിയിരുന്നു. ഇതിനെ തുടർന്നാണ് കോടതി, കേസ് ഡിസംബർ 30 ലേക്ക് മാറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 13 ന് അല്ലു അർജുനെ അറസ്റ്റ് ചെയ്യുകയും നാമ്പള്ളി കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. അല്ലു അർജുനെ ജയിലിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ, തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ഡിസംബർ 14 ന് ജയിൽ മോചിതനാകുകയും ചെയ്തു.
നാമ്പള്ളി കോടതിയുടെ 14 ദിവസത്തെ റിമാൻഡ് വെള്ളിയാഴ്ച അവസാനിക്കുന്നതിനാൽ, സുരക്ഷാ കാരണങ്ങളാലാണ് അല്ലു അർജുൻ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായത്.
ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ സ്ത്രീ മരിക്കുകയും എട്ട് വയസ്സുള്ള മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം സിറ്റി പോലീസ് കേസെടുത്തിരിന്നു.
Discussion about this post