ശ്രീനഗർ: ജമ്മു കശ്മീരിൽ ഇസ്ലാമിക വിശ്വാസികളുടെ വീടിനുള്ളിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തി. ശിവലിംഗവും വൈഷ്‌ണോ ദേവിയുടെ വിഗ്രഹവുമാണ് കണ്ടെത്തിയത്. രാജ്ഗഡ് സ്വദേശി ലിയാഖ്വത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു വിഗ്രഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട് തവണ അലിയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ഇതേ തുടർന്ന് അസ്വസ്ഥൻ ആയിരുന്നു അദ്ദേഹവും കുടുംബവും. ഇതോടെ ജോത്സ്യനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ജോത്സ്യൻ വീടിന്റെ അടിയിലായി എന്തോ കുഴിച്ചിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെ ജോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഇവർ കുഴിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് ശിവലിംഗവും ദേവി വിഗ്രഹവും കണ്ടത്. ഇതിനൊപ്പം ഒരു ചിരിക്കുന്ന ബുദ്ധന്റെ വിഗ്രഹവും കിട്ടിയിട്ടുണ്ട്.
സംഭവം പ്രദേശത്ത് കാട്ടുതീ പോലെ പടർന്നു. ഇതോടെ ആളുകൾ അലിയുടെ വീട്ടിലേക്ക് ഒഴുകി എത്തുകയായിരുന്നു. നൂറു കണക്കിന് പേരാണ് വിഗ്രഹം കാണാൻ എത്തിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ആണ് അലി താമസിക്കുന്നത്. ഇങ്ങനെ ഒരു സ്ഥലത്ത് വിഗ്രഹങ്ങൾ എങ്ങനെ എത്തി എന്ന ഞെട്ടലിലാണ് അലിയും നാട്ടുകാരും. അതേസമയം സംഭവം അറിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കിനെ തുടർന്ന് അലിയുടെ വീട്ടിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Discussion about this post