ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും .സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വിലയിരുത്തി. പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ 15 അംഗ പോളിറ്റ്ബ്യൂറോയിലെ പകുതിയിലേറെ പേരുടെ സാന്നിധ്യത്തില്‍ കടുത്ത നിരീക്ഷണത്തിലാവും സമ്മേളനം നടക്കുക.
സംസ്ഥാന സമ്മേളന നഗറിലേക്കുളള കൊടിമരജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രയാണം തുടങ്ങി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനെത്തി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കൊടിമര ജാഥ ഇന്ന് വൈകുന്നേരത്തോടെ ആലപ്പുഴയില്‍ എത്തിച്ചേരും.
അതേസമയം കേന്ദ്ര കമ്മിറ്റിയുടെ പുതിയ രാഷ്ട്രീയ അടവുനയ രേഖയാണ് സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചാവിഷയമാകുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് രേഖയുടെ ഉള്ളടക്കത്തില്‍ ഊന്നി ഭാവി കെട്ടിപ്പടുക്കേണ്ട മൂന്ന് പ്രധാന സംസ്ഥാനങ്ങളിലൊന്നെന്ന നിലയില്‍ കടുത്ത ഭാഷയില്‍ സംസാരിക്കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയവും ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും മുനയൊടിഞ്ഞ സമരങ്ങളുടെ അനുഭവങ്ങളും ഇഴചേര്‍ന്നതായിരിക്കും സംസ്ഥാന സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച.
വി.എസ്. അച്യുതാനന്ദന്റെ വിയോജിപ്പുകളും ശ്രദ്ധാകേന്ദ്രമായിരിക്കും. തനിക്കെതിരായ ആക്ഷേപത്തെ പ്രതിരോധിക്കാന്‍ പിണറായിയുടെ നേതൃത്വ ദൗര്‍ബല്യങ്ങളെ നിരത്തുന്ന വാദം വി.എസ് എഴുതി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, വി.എസ് തയാറാക്കി എന്ന് പറയപ്പെടുന്ന വിയോജന രേഖയില്‍ ചിലത് കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിച്ചതും വിശദീകരണം നല്കപ്പെട്ടതുമാണെന്ന നിലയില്‍ സംസ്ഥാന നേതൃത്വം മുഖവിലക്കെടുക്കുന്നില്ല.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പാര്‍ട്ടിയില്‍ നിന്ന് പോകുന്നതാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. കോടിയേരി ബാലകൃഷ്ണനില്‍ കേന്ദ്രീകരിച്ചാണ് പുതിയ സെക്രട്ടറി പദവിയെക്കുറിച്ച അഭ്യൂഹം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പി.ബിയില്‍ പരിഭവം നിരത്തുകയും ചെയ്ത എം.എ. ബേബിയുടെ ‘ഭാവി’ സമ്മേളനത്തിന് ശേഷം രൂപപ്പെടും. സ്ഥാനമൊഴിയുന്ന പിണറായി എന്തുചെയ്യണം എന്ന് പാര്‍ട്ടി തീരുമാനിക്കും.
600 പ്രതിനിധികളാണ് ആലപ്പുഴയിലത്തെുന്നത്. നാളെ രാവിലെ സെക്രട്ടറിയുടെ പ്രസംഗത്തിന് ശേഷം സംഘടനാ റിപ്പോര്‍ട്ട് പിണറായി അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ് ചര്‍ച്ച തുടങ്ങും.തിങകളാഴ്ച്ചയാണ് സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് .
Discussion about this post