മുംബൈ : വിമാനത്തിന് ഉള്ളിൽ വച്ച് പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസ്. ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അബുദാബിയിൽ നിന്നും മുംബൈയിലേക്ക് വന്നിരുന്ന വിമാനത്തിലാണ് സംഭവം. പുലർച്ചെ വിമാനത്തിന്റെ ശുചിമുറിക്കുള്ളിൽ നിന്നും രൂക്ഷഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വിമാന ജീവനക്കാരാണ് മലയാളി യുവാവിനെ പിടികൂടിയത്. വിമാന ജീവനക്കാര്‍ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയുമായിരുന്നു.
വിമാനത്തില്‍ പുകവലിച്ചതിന് എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125 പ്രകാരവും ആണ് മുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാനത്തിനുള്ളിൽ വച്ച് പുകവലിക്കരുതെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് മുഹമ്മദ് ഇക്കാര്യത്തിൽ വ്യക്തമാക്കുന്നത്. നാലു മാസങ്ങൾക്കു മുൻപാണ് ഇയാൾ അബുദാബിയിലേക്ക് ജോലിക്കായി പോയിരുന്നത്.
Discussion about this post