സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ ‘ഡയമണ്ട്’ അല്ലെങ്കിൽ ‘വജ്രം’ എന്ന പദം ഖനനം ചെയ്തെടുക്കുന്ന സ്വാഭാവിക കല്ലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) തീരുമാനിച്ചു. ലാബുകളിൽ കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ കേവലം ‘ഡയമണ്ട്’ എന്ന് വിളിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ ഈ പരിഷ്കാരം.
പുതിയ നിയമപ്രകാരം കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ലാബോറട്ടറി ഗ്രോൺ ഡയമണ്ട്’ (Laboratory-grown diamond) എന്നോ ‘ലാബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്’ (Laboratory-created diamond) എന്നോ പൂർണ്ണരൂപത്തിൽ തന്നെ വിശേഷിപ്പിക്കണം. നിലവിൽ വിപണിയിൽ വ്യാപകമായി ഉപയോഗിക്കുന്ന LGD, ലാബ്-ഗ്രോൺ, ലാബ് ഡയമണ്ട് തുടങ്ങിയ ചുരുക്കപ്പേരുകൾ ഔദ്യോഗിക രേഖകളിലോ പരസ്യങ്ങളിലോ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, ലാബ് വജ്രങ്ങളെ വിശേഷിപ്പിക്കാൻ ‘പ്രകൃതിദത്തം’ (Nature’s), ‘ശുദ്ധമായത്’ (Pure), ‘ഭൂമിക്ക് അനുയോജ്യം’ (Earth-friendly), ‘കൾച്ചേർഡ്’ (Cultured) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതിനും ബിഐഎസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
സ്വാഭാവിക വജ്രങ്ങളേക്കാൾ വില കുറഞ്ഞ ലാബ് വജ്രങ്ങൾ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥ വജ്രങ്ങളുടെ മൂല്യം നിലനിർത്താനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് ഈ മാറ്റം കൊണ്ടുവരുന്നത്. വജ്രവ്യാപാര രംഗത്തെ സുതാര്യത ഉറപ്പാക്കാനും കയറ്റുമതി രേഖകളിൽ കൃത്യത വരുത്താനും ഈ തീരുമാനം സഹായിക്കും. നിലവിൽ ഈ മാനദണ്ഡങ്ങൾ സ്വമേധയാ പിന്തുടരാവുന്നതാണെങ്കിലും,വരുംദിവസങ്ങളിൽ റെഗുലേറ്ററി ബോഡികളും കോടതികളും ഇത് കർശനമായി നടപ്പിലാക്കാൻ സാധ്യതയുണ്ട്. വജ്രങ്ങൾ വാങ്ങുമ്പോൾ അവ സ്വാഭാവികമാണോ അതോ ലാബിൽ നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് ഈ പുതിയ നിയമം വലിയ സഹായമാകും.










Discussion about this post