പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛൽ വീണ്ടും നിയമക്കുരുക്കിലേക്ക്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയ വാർത്തകൾക്ക് പിന്നാലെയാണ് പലാഷിനെതിരെ വഞ്ചനാക്കുറ്റവുമായി മറാത്തി നടനും നിർമ്മാതാവുമായ വിജ്ഞാൻ മാനെ രംഗത്തെത്തിയിരിക്കുന്നത്. പലാഷ് മുച്ഛൽ തന്നെ 40 ലക്ഷം രൂപ പറ്റിച്ച് വഞ്ചിച്ചുവെന്നും സ്മൃതി മന്ദാനയോട് വിശ്വസ്തത പുലർത്തിയില്ലെന്നുമാണ് വിജ്ഞാൻ മാനെയുടെ ആരോപണം. എന്നാൽ തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനാണ് ഇത്തരമൊരു നീക്കമെന്നും പലാഷ് പ്രതികരിച്ചു.
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വിജ്ഞാൻ മാനെയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി പലാഷ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. തന്റെ അഭിഭാഷകൻ ശ്രേയാൻഷ് മിഥാരെ വഴി സാംഗ്ലി സ്വദേശിയായ വിജ്ഞാൻ മാനെയ്ക്ക് നിയമപരമായ നോട്ടീസ് അയച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്നെയും തന്റെ സ്വഭാവത്തെയും മോശമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായും പലാഷ് ആരോപിക്കുന്നു.
കുറച്ചു കാലമായി പ്രണയത്തിലായിരുന്ന പലാഷും സ്മൃതി മന്ദാനയും ഉടൻ വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വിവാഹം മുടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പലാഷിന്റെ സ്വഭാവശുദ്ധിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള ആരോപണങ്ങൾ ഉയർന്നത്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ വേണമെന്നാണ് വിജ്ഞാൻ മാനെയുടെ പക്ഷം. സിനിമാ-ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ പുതിയ വിവാദം വഴിതുറന്നിരിക്കുന്നത്.












Discussion about this post