ഇംഫാൽ: മണിപ്പൂരിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 9.214 കിലോമീറ്റർ നീളമുള്ള വേലി കെട്ടാനുള്ള പദ്ധതി പൂർത്തിയാക്കി ഭാരതം. അതിർത്തി ഗ്രാമമായ മോറെയിൽ ആണ് ഇന്ത്യ വേലി കെട്ടുന്നത് . ഇതിന് സമാന്തരമായി ഒരു റോഡ് നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
സുരക്ഷ വർധിപ്പിക്കാനും അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ തടയാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. അതോടൊപ്പം പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും മേഖലയിലെ പട്രോളിംഗ് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കി.
1,600 കിലോമീറ്ററിലധികം ദൈർഘ്യം ഉള്ളതാണ് ഇന്ത്യ-മ്യാൻമർ അതിർത്തി. മണിപ്പൂർ ഉൾപ്പെടെ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഇത് കടന്നുപോകുന്നുണ്ട് . ഒരുപാട് സുരക്ഷാ ഭീഷണിയുള്ള ഈ അതിർത്തി കള്ളക്കടത്തിനും അനധികൃത കുടിയേറ്റത്തിനും കലാപ പ്രവർത്തനങ്ങൾക്കും കുപ്രസിദ്ധമാണ്.
അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ വിശാലമായ ശ്രമത്തിൻ്റെ ഭാഗമാണ് പ്രധാന അതിർത്തി നഗരവും സുപ്രധാന വ്യാപാര കേന്ദ്രവുമായ മോറെയിലെ ഫെൻസിങ് പദ്ധതി.
1,643 കിലോമീറ്റർ അതിർത്തിയിൽ 1,472 കിലോമീറ്റർ അതിർത്തി നിർണയിക്കൽ പൂർത്തിയായി. അരുണാചൽ പ്രദേശിലെയും മണിപ്പൂരിലെയും ഹൈബ്രിഡ് നിരീക്ഷണ സംവിധാനത്തിൻ്റെ രണ്ട് പൈലറ്റ് പ്രോജക്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അസം റൈഫിൾസിനാണ് ഇതിന്റെ ചുമതല.
Discussion about this post