ചെന്നൈ : അണ്ണാ സർവ്വകലാശാല കേസിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി യാത്രയെക്കുറിച്ച് ദേശീയ വൈസ് പ്രസിഡന്റും തമിഴ്‌നാട് ബിജെപി വനിതാ വിഭാഗം നേതാവുമായ ഖുശ്ബു സുന്ദർ . ഞങ്ങൾക്ക് നീതി ലഭിക്കും വരെ ഞങ്ങൾ പോരാടുമെന്ന് ഖുശ്ബു സുന്ദർ പറഞ്ഞു.
ക്രമസമാധാന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യുന്നതിനെ ഖുശ്ബു വിമർശിച്ചു. കഴിഞ്ഞ നാല് വർഷമായി സ്ഥിതി കൂടുതൽ വഷളായി. ക്രമസമാധാന നില വഷളാകുമ്പോൾ സർക്കാർ നിശബ്ദ കാഴ്ച്ചക്കാരാണ്. ഇതിനെതിരെ ‘ഞങ്ങൾ ശബ്ദമുയർത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്യും എന്നും അവർ കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ഡിഎംകെയുമായി ചേർന്ന് നിൽക്കുന്നവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളെ യാത്രയിൽ ചേരാൻ തുറന്ന ക്ഷണവും അവർ നടത്തി. ഇത് പാർട്ടിയുടെ പ്രശ്നമല്ല, തമിഴ്നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ളതാണ് എന്നും അവർ ഊന്നിപ്പറഞ്ഞു.
കേസ് കൈകാര്യം ചെയ്യാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) തനിക്ക് വിശ്വാസമില്ലെന്ന് ഖുശ്ബു പറഞ്ഞു. പ്രതികളുടെ മോചനവും തുടർന്നുള്ള വീണ്ടും അറസ്റ്റും ചൂണ്ടിക്കാട്ടിയാണ് ഇത് പറഞ്ഞത്. ‘കല്ലാകുറിശ്ശി, കന്യാകുമാരി തുടങ്ങിയ നിരവധി ലൈംഗികാതിക്രമ കേസുകൾക്കും നീതി വൈകുകയും നിഷേധിക്കപ്പെടുകയും ചെയ്ത ദുരന്തങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട് . ‘ഇത് തുടരാൻ ഞങ്ങൾക്ക് കഴിയില്ല, ഞങ്ങൾക്ക് നീതി ലഭിക്കും വരെ ഞങ്ങൾ പോരാടും എന്നും അവർ പറഞ്ഞു.
നീതി യാത്ര നാളെ ആരംഭിക്കും, പൊതുജനങ്ങൾ പങ്കെടുക്കാനും ഈ ലക്ഷ്യത്തിന് പിന്തുണ നൽകാനും അവർ അഭ്യർത്ഥിച്ചു.
Discussion about this post